സെൻട്രൽ ജയിലിലെ തടവുകാരന് കൊറോണ; തിരുവനന്തപുരത്ത് രോഗവ്യാപനത്തിന് ശമനമില്ല

തിരുവനന്തപുരം: സെൻട്രൽ ജയിലിലെ ഒരു തടവുകാരന് കൊറോണ സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റിമാൻഡ് പ്രതികൾക്ക് വർക്കല എസ് ആർ മെഡിക്കൽ കോളേജിൽ ഒരുക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രം മാറ്റണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടു. സുരക്ഷ ഒരുക്കാൻ സാധിക്കാത്ത ആശുപത്രിയിൽ നിന്നും പ്രതികൾ രക്ഷപ്പെടുന്നതിനെ തുടര്‍ന്നാണ് ആവശ്യം. പകരം ആറ് സ്ഥലങ്ങൾ നിർദ്ദേശിച്ച് കൊണ്ട് ജയിൽവകുപ്പ് കളക്ടർക്ക് കത്ത് നൽകി.

അതേസമയം, തിരുവനന്തപുരത്ത് രോഗവ്യാപനത്തിന് ശമനമില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ച 200 പേരിൽ 178 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 ആരോഗ്യപ്രവർത്തർക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തലസ്ഥാന ജില്ലയിലെ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ 2,800 കൊറോണ പരിശോധനകളിൽ 288 എണ്ണം പോസിറ്റീവായിയിരുന്നു. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് മൂന്നിടങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ഐജി ഹര്‍ഷിത അത്തല്ലൂരിക്കു പ്രത്യേക മേൽനോട്ട ചുമതല നല്‍കിയിട്ടുണ്ട്.