ഫ്രിഡ്ജ് തോണിയാക്കി ജോൺസൻ്റെ രക്ഷാപ്രവർത്തനം; കുട്ടനാട്ടിന് പുതിയ മാർഗം

എടത്വ: അതിജീവനം ജീവിത വിജയമാക്കിയ കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷനേടാൻ പുതിയ മാർഗ്ഗവുമായി ജോൺസൻ്റെ ഫ്രിഡ്ജ് തോണി. കേടു വന്ന ഫ്രിഡ്ജ് കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുകയാണ് ഇദ്ദേഹം.

ഫ്രിഡ്ജ് തോണിയിൽ നിരവധി പേരെ സുരക്ഷിതമായി സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കഴിഞ്ഞെന്ന് സാമൂഹ്യ പ്രവർത്തകനായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ:ജോൺസൺ വി.ഇടിക്കുള പറയുന്നു. കഴിഞ്ഞ ദിവസം ഫ്രിഡ്ജ് തോണിയിൽ 3 കുടുംബങ്ങളെ സുരക്ഷിതമായ മറ്റൊരു വീട്ടിൽ എത്തിച്ചു. വലിയ ഫ്രിഡ്ജ് ആണെങ്കിൽ മൂന്നു പേർക്ക് യാത്ര ചെയ്യാം. ഫ്രിഡ്ജ് തോണി മറിയില്ലെന്നതും ഇതിൻ്റെ പ്രത്യേകതയാണ്.

ഫ്രിഡ്ജ് തോണിയായ കഥ ജോൺസൺ പറയുന്നതിങ്ങനെ,

2018 ലെ പ്രളയത്തിൽ കേടായ ഡബിൾ ഡോർ ഫ്രിഡ്ജ് വീണ്ടും ഗ്യാസ് നിറച്ച് ഉപയോഗിക്കുമ്പോൾ പുതിയത് വാങ്ങുവാൻ തീരുമാനിച്ചു. പഴയത് മാറി പുതിയത് എടുക്കുകയായിരുന്നു ആദ്യം ഉദ്യേശം.എന്നാൽ ഫ്രിഡ്ജ് ഇല്ലാതിരുന്ന ഒരാൾക്ക് ഉപയോഗിക്കാൻ നല്കി. അദ്ദേഹം പുതിയത് വാങ്ങിയപ്പോൾ ഫ്രിഡ്ജ് കേട് കൂടാതെ തിരികെ ഏൽപ്പിച്ചു. ഒടുവിൽ ആക്രിക്ക് കൊടുക്കാൻ തീരുമാനിച്ചപ്പോൾ സഹധർമ്മിണി ജിജിമോൾ തൻ്റെ അഭിപ്രായം മുന്നോട്ടു വെച്ചു.”പഴയത് അവിടെ ഇരിക്കട്ടെ..! എന്തെങ്കിലും ആവശ്യം വരും.. ”

ഇത്തവണ വെള്ളപ്പൊക്കത്തിന് മുമ്പ് ഫ്രിഡ്ജ് പ്രയോജനപ്പെടുത്തണമെന്ന ഒരു ആശയം തോന്നി. പ്രായോഗിക ബുദ്ധിക്കൊപ്പം മനുഷ്യസ്നേഹവും കൂടിയാപ്പോൾ ഇതൊരു തോണിയാക്കാമെന്ന ചിന്ത വന്നു. സൂക്ഷിച്ചു വെച്ചിരുന്ന ഫ്രിഡ്ജ് കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയ ഭീഷണിയുണ്ടായപ്പോൾ അയൽവാസിയായ വിനോദിൻ്റെ സഹായത്താൽ ഫ്രിഡ്ജ് തോണിയാക്കി മാറ്റുകയായിരുന്നു. ഇന്ന് ഇതിൻ്റെ പ്രയോജനം ഏറെയാണ്…

ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ പലകിണറുകളും കവിഞ്ഞ് ഒഴുകാന്‍ തുടങ്ങി.ഏകാശ്രയം നദികളിലും തോടുകളിലും നിന്ന് ലഭിക്കുന്ന വെള്ളമാണ്.കിഴക്കന്‍ വെള്ളത്തിന്റെ വരവോടെ ജലാശയങ്ങള്‍ കലങ്ങിമറിഞ്ഞ് മലിനമായി തീര്‍ന്നു.ശുദ്ധജല ക്ഷാമം അനുഭവിക്കുന്നവർക്ക് ഇതിൽ കുടിവെള്ളം എത്തിക്കുന്നതിന് ഏറെ പ്രയോജനകരമാണ് ഈ ഇന്ധന രഹിത വാഹനം. വെള്ളപൊക്ക സമയങ്ങളില്‍ ശുദ്ധജലം കുട്ടനാട്ടുകാര്‍ക്ക് കിട്ടാക്കനിയാകുമ്പോൾ ശുദ്ധജലം ശേഖരിച്ച് കൊണ്ടുവരാൻ ഏറെ പ്രയോജനകരമാണിത്.

ജോൺസൻ്റെ ഫ്രിഡ്ജ് തോണി കുട്ടനാട്ടിൽ ചർച്ചാ വിഷയമാകുകയാണ്. സ്വന്തമായൊരു ചെറുതോണി എല്ലാവർക്കും ഇതാണ് ജോൺസൻ്റെ സ്വപ്നം. അതുകൊണ്ട് തന്നെ താമസിയാതെ ഇത് നവീകരിക്കാനിരിക്കുകയാണ് ഇദ്ദേഹം. ജലത്തിൽ വേഗത്തിൽ സഞ്ചരിക്കാനാവും വിധം ഫ്രിഡ്ജിനോട് ചേർന്ന് ഇരുവശത്തും വള്ളത്തിൻ്റെ മാതൃക ഇരുമ്പിൽ വെൽഡ് ചെയ്ത് രൂപഭാവം വരുത്താനുള്ള പദ്ധതിയിലാണ് ജോൺസൺ. കുറഞ്ഞ ചെലവിൽ ഇത് ചെയ്തെടുത്താൽ വളരെ പെട്ടെന്ന് എല്ലാവർക്കും സ്വന്തമാക്കാനാകുമിത്.