ഫോണിൽ ഇനി കൊറോണ ബോധവൽക്കരണ സന്ദേശമില്ല; ബിഎസ്എൻഎൽ ആദ്യം നിർത്തലാക്കി

തിരുവനന്തപുരം: ഫോൺ വിളിക്കുന്ന സമയത്ത് ഏർപ്പെടുത്തിയ കൊറോണ ബോധവൽക്കരണ സന്ദേശങ്ങൾ ബിഎസ്എൻഎൽ നിർത്തലാക്കി. വ്യാപകമായ ദുരന്ത സാഹചര്യങ്ങളിൽ ഫോൺ വിളിക്കുന്ന സമയം ഇത്തരം സന്ദേശങ്ങൾ പ്രയസമുണ്ടാക്കുന്നു എന്ന വ്യാപക പരാതിയെ തുടർന്നാണ് ബിഎസ്എൻഎൽ ന്റെ പുതിയ നടപടി. ദുരന്ത സാഹചര്യങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കുമ്പോൾ മിനിറ്റുകൾ നീണ്ട ഇത്തരം സന്ദേശങ്ങൾ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം.

ആംബുലൻസുകളെ വിളിക്കുമ്പോൾ പോലും ഇത്തരത്തിൽ സന്ദേശങ്ങൾ കഴിഞ്ഞാണ് ഫോണിലൂടെ ബന്ധപ്പെടാൻ സാധിക്കുക.. വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാൻ പോലും ഇത് കാരണമായേക്കാം. കൊറോണ വ്യാപന പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ നിർദേശപ്രകാരം ഏർപ്പെടുത്തിയ ഇത്തരത്തിൽ ഉള്ള സന്ദേശങ്ങൾ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നും പ്രത്യേകം അനുമതി വാങ്ങിയാണ് നിർത്തലാക്കിയത്. എന്നാല്‍ ബിഎസ്എന്‍എല്‍ തീരുമാനത്തിന് പിന്നാലെ മറ്റ് ടെലികോം കമ്പനികള്‍ എന്ത് നിലപാട് എടുക്കുമോയെന്ന് വ്യക്തമല്ല.

ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ബോധവത്കരണ സന്ദേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ പ്രചാരണം നടന്നിരുന്നു.