മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാൽ 2000 രൂപ പിഴ ഈടാക്കും

തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാത്തതിന് രണ്ടാംതവണയും പിടിയിലായാൽ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്ക് തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനം വർധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പൊലീസ് നടപടികൾ കൂടുതൽ കർശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി എസ്. സുരേന്ദ്രൻ എന്നിവർ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികൾ ഏകോപിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ കരമനയിൽ കണ്ടെയ്ൻമെന്റ് സോണുകൾ സ്വയം നിശ്ചയിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജനം മുൻകൈ എടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ മാതൃക ജനമൈത്രി പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും.

കൊറോണ പ്രതിരോധ മേഖലയിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് പൊലീസ് നടത്തുന്ന കോണ്ടാക്ട് ട്രെയ്‌സിംഗ് പൊതുജനങ്ങൾ സ്വാഗതം ചെയ്യുന്നതായാണ് അനുഭവം. കോണ്ടാക്ട് ട്രെയ്‌സിംഗ്, കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തൽ എന്നീ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യാനും തീരുമാനമായി.