കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യപേക്ഷ തള്ളിയത്. തെളിവുകളുടെയും കേസ് ഡയറിയുടെയും അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
സ്വപ്നയ്ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യുഎപിഎ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു. സ്വപ്നയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ശക്തമായി എതിർത്തു
സംസ്ഥാനത്തും രാജ്യത്തിന് വെളിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും, അതിനാൽ പ്രതിക്ക് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻഐഎ കോടതിയെ നേരത്തേ അറിയിച്ചു.
മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും സ്വപ്ന ശ്രമിക്കുമെന്ന് എൻഐഎ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹർജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിച്ചു. അതേസമയം, കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനിൽക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്.