വെള്ളപൊക്ക ദുരിതബാധിതർക്ക് സഹായഹസ്തവുമായി ചങ്ങനാശേരി അതിരൂപത

ചങ്ങനാശേരി: വെള്ളപൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്. കുട്ടനാട്ടിലെയും ചങ്ങനാശേരിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലെയും വെള്ളപ്പൊക്ക ദുരിതബാധിതർക്ക് അടിയന്തിര ആശ്വാസമേകാനാണ് രൂപതയുടെ നേത്യത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

കൊറോണയുടെ പശ്ചാതലത്തിൽ കുട്ടനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ ജില്ലാ കളക്ടറോട് അഭ്യർഥിച്ചു. ഇക്കാര്യത്തിൽ രൂപതയുടെ പൂർണ പിന്തുണയും മാർ പെരുന്തോട്ടം വാഗ്ദാനം ചെയ്തു. ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി ആവശ്യാനുസരണം രൂപതയുടെ സ്ഥാപനങ്ങൾ വിട്ടുനൽകാമെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. ലായിക്കാട്ട് ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രം, തുരുത്തിയിൽ വെള്ളം കയറിയ പ്രദേശം, ദുരിതബാധിതരെത്തിയ ചങ്ങനാശേരി ബോട്ട് ജെട്ടി എന്നിവിടങ്ങൾ സന്ദർശിച്ച് മാർ പെരുന്തോട്ടം ജനങ്ങൾക്ക് ആശ്വാസം പകർന്നു.

വെള്ളംകയറി ഒറ്റപ്പെട്ടുപോയവരെ സഹായിക്കാനായി രൂപതയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും ദുരിതാശ്വാസ കേന്ദ്രങ്ങളും ആരംഭിച്ചതായി സഹായമെത്രാൻ മാർ തോമസ് തറയിൽ അറിയിച്ചു. കൊറോണ പ്രോട്ടോക്കോൾ പാലിച്ച് സഹായമെത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മാർ തറയിൽ അഭ്യർഥിച്ചു.

ചങ്ങനാശേരി എസ്ബി കോളജ്, എസ്ബി ഹൈസ്ക്കൂൾ, എൻഎസ് എസ് കോളജ് എന്നിവിടങ്ങളിൽ
കൊറോണ പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവ തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രവർത്തനക്ഷമമാകും.

രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ബന്ധുവീടുകളിലെയ്ക്കു പോകാൻ ആഗ്രഹിക്കുന്നവർക്കായി തിങ്കളാഴ്ച രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും നെടുമുടിയിൽ നിന്നും ടോറസുകളും 11 ന് പുളിംകുന്നിൽ നിന്ന് ടിപ്പറുകളും ചങ്ങനാശേരിക്ക് ക്രമീകരിച്ചിട്ടുണ്ടെന്ന്
ഫാ. സെബാസ്റ്റ്യൻ പുന്നശേരി അറിയിച്ചു. സഹായം ആവശ്യമുള്ളവർക്ക് 9447564836 എന്ന നമ്പരിൽ ബന്ധപ്പെടാം.

അടിയന്തര സാഹചര്യം നേരിടാൻ ചങ്ങനാശേരി ബോട്ടുജെട്ടിയിൽ യുവദീപ്തിയുടെ നേതൃത്വത്തിൽ ഫാ.റിജോ ഇടമുറിയിലിൻ്റെ മേൽനോട്ടത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അടിയന്തിര സഹായം ആവശ്യമുള്ളവർ 9497801968 എന്ന നമ്പരിൽ ബന്ധപെടാവുന്നതാണ്.

ഫാ. ജോസഫ് കളരിക്കൽ, ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ജോസ് പുത്തൻ ചിറ, ഫാ. ജെന്നി കായംകുളത്തുശ്ശേരി എന്നീ വൈദികരുടെ നേത്യത്വത്തിൽ
ബന്ധുവീടുകളിൽ പോകാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. .