കുട്ടനാട് വെള്ളത്തിലായി; പൂർണ്ണമായും ഒറ്റപ്പെട്ടു ; വീടുകളിൽ വെള്ളം കയറി; വ്യാപക ക്യഷിനാശം

ആലപ്പുഴ: ക​ന​ത്ത മ​ഴ​യിൽ ജലനിലരപ്പ് ഉയർന്ന് കുട്ടനാട് വെള്ളത്തിലായി. കിഴക്കൻ വെള്ളത്തിൻ്റെ വരവിനൊപ്പം തോരാതെ പെയ്യുന്ന മഴയും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഏക്കറുകണക്കിന് നെൽക്കൃഷി പൂർണമായും വെള്ളത്തിലായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങൾ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറിത്തുടങ്ങി.

കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം, വെളിയനാട്, രാമങ്കരി, മുട്ടാർ, എടത്വ, പച്ച തുടങ്ങി കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിലാണ്. ചമ്പക്കുളം സെൻ്റ് മേരീസ് ഫൊറോന പള്ളിയടക്കം വെള്ളത്തിലായി. റോഡുകളിലും വെള്ളം കയറിയതിനെ തുടർന്ന് പല പ്രദേശങ്ങളും പൂർണമായി ഒറ്റപ്പെട്ടു കഴിഞ്ഞു.വെള്ളം കയറി വാഹനങ്ങൾ നശിക്കാതിരിക്കാൻ ഇവ ഉയരം കൂടിയ പാലങ്ങളിൽ കയറ്റി ഇട്ടിരിക്കയാണ് നാട്ടുകാർ. ചമ്പക്കുളം, വൈശംഭാഗം പാലങ്ങൾ വാഹനങ്ങളാൽ നിറഞ്ഞു.

ഒട്ടുമിക്ക പാടശേഖരങ്ങളും മടവീഴ്ചയുണ്ടായി. പുറംബണ്ട് ശക്തമായ വയലുകളിൽ ജലം കവിഞ്ഞു കയറി. ആയിയിരക്കണക്കിന് ഏക്കറിലെ നെൽകൃഷി നശിച്ചതായാണ് വിവരം. വെള്ളപ്പൊക്കത്തെ അതിജീവിച്ച ഒരു പാടശേഖരം പോലും പ്രദേശത്തില്ല. അപ്പർകുട്ടനാട്ടിലും സ്ഥിതി വ്യത്യസ്തമല്ല.

വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​യി​ലു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഞായറാഴ്ച നിരവധി ടി​പ്പ​ർ, ടോ​റ​സ് ലോ​റി​ക​ൾ എ​സി റോ​ഡി​ലൂടെ വെള്ളം വകവയ്ക്കാതെ ഓടി ജനങ്ങളെ സുരക്ഷിത് സ്ഥാനങ്ങളിലെത്തിച്ചു.

ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ശനിയാഴ്ച തന്നെ വാഹന ഗതാഗതം മുടങ്ങിയിരുന്നു. ഞായറാഴ്ച ജലനിരപ്പ് കൂടുതൽ ഉയർന്നതോടെ എ സി റോഡിൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലായി. തിരുവല്ല – അമ്പലപ്പുഴ റോഡിലും വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. കടപ്ര, നീരേറ്റുപുറം, വെള്ളക്കിണർ എന്നിവിടങ്ങളിൽ റോഡ് പൂർണമായും വെള്ളത്തിലാണ്. കിടങ്ങറ – നീരേറ്റുപുറം റോഡ്, മാമ്പുഴക്കരി – എടത്വ റോഡ്, കിടങ്ങറ – വെളിയനാട് റോഡ്, പുന്നക്കുന്നം – പുളിങ്കുന്ന് – കാവാലം റോഡ്,മങ്കൊമ്പ് – എടത്വ റോഡ്, പൂപ്പള്ളി- ചമ്പക്കുളം റോഡ്, പള്ളാത്തുരുത്തി കൈനകരി റോഡ് തുടങ്ങിയവയെല്ലാം വെള്ളത്തിലായി.

വിവിധ പ്രദേശങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടവരെ തിങ്കളാഴ്ച ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പമ്പ ഡാം തുറന്നതോടെ കിഴക്കൻ വെള്ളത്തിൻ്റെ വരവ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.