ജലസംഭരണികളിൽ ജലവിതാനം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ജലസംഭരണികളിൽ ജലവിതാനം ഉയരുന്നുണ്ടെങ്കിലും 24 മണിക്കൂറും ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കെഎസ്ഇബി.

കെഎസ്ഇബിയുടെ 18 അണക്കെട്ടുകളിലുമായി ഇന്ന് 2008.78 എംസിഎം ജലമാണ് ഒഴുകിയെത്തിയിട്ടുള്ളത്. ഇന്നലെ അത് 1898.6 എംസിഎം ആയിരുന്നു. ഈ അണക്കെട്ടുകളുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്. ഇന്നത്തെ സ്ഥിതി അനുസരിച്ച് ആകെ സംഭരണ ശേഷിയുടെ 56.9 ശതമാനം ജലം മാത്രമാണ് കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ ഉള്ളത്.

വലിയ ജലസംഭരണികളായ ഇടുക്കിയിൽ 57.76ശതമാനവും ഇടമലയാറിൽ 50.75ശതമാനവും കക്കിയിൽ 56.67ശതമാനവും ബാണാസുരസാഗറിൽ 69.25ശതമാനവും ഷോളയാറിൽ 69.1ശതമാനവും ജലമാണുള്ളത്. മേൽപ്പറഞ്ഞ അണക്കെട്ടുകൾ പെരിയാർ, പമ്പ, ചാലക്കുടി, കുറ്റിയാടി, കബനി എന്നീ അഞ്ചു പ്രധാന നദികളിലായാണ് സ്ഥിതിചെയ്യുന്നത്.

നിലവിൽ മുൻകരുതലിന്റെ ഭാഗമായി ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പമ്പ ജലസംഭരണി പൂർണ സംഭരണ ശേഷി എത്തുന്നതിനു മുമ്പുതന്നെ തുറന്ന് ചെറിയ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിയിരിക്കുകയാണ്. ജലനിരപ്പ് 983.52 മീറ്റർ എത്തിയപ്പോഴാണ് ഡാം തുറന്നു വിട്ടത്. പമ്പ നദിയിൽ ജലനിരപ്പ് അപകട നിലയെക്കാൾ താഴെയായപ്പോളാണ് ഇത്തരത്തിൽ ചെറിയ തോതിൽ ഡാം തുറന്നത് എന്നതും ശ്രദ്ധേയമാണ്. ജലനിരപ്പ് 982മീറ്ററിൽ എത്തുമ്പോൾ ഡാം ഷട്ടറുകൾ അടയ്ക്കും.

നിലവിൽ പമ്പാ നദിയിൽ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടില്ല. ശക്തമായ മഴ മുന്നിൽ കണ്ടുകൊണ്ടാണ് ഡാമുകളിൽ ഉചിതമായ രീതിയിൽ വെള്ളം ക്രമീകരിച്ചിരിക്കുന്നത്.വൈദ്യുതിബോർഡിന്റെ അണക്കെട്ടുകളും ജലസംഭരണികളും ഇല്ലായിരുന്നുവെങ്കിൽ ഇതിലും വലിയ തോതിലുള്ള ജലപ്രവാഹവും നാശനഷ്ടവും നദികളിലുണ്ടായേനെയെന്ന് കെഎസ്ഇബി അറിയിച്ചു.