പത്തനംതിട്ടയിലെ വെള്ളപൊക്ക ഭീഷണി; സുസജ്ജരായി ദേശീയ ദുരന്തനിവാരണ സേനയും മത്സ്യത്തൊഴിലാളികളും

പത്തനംതിട്ട: തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് ജില്ലയിൽ പലയിടത്തും വെള്ളം കയറി തുടങ്ങിയതിനാൽ കനത്ത ജാഗ്രത. രാത്രിയും ജില്ലയിൽ കനത്ത മഴ തുടരുകയാണ്. വെള്ളപൊക്കം രൂക്ഷമായാൽ അടിയന്തിര സാഹചര്യം നേടാനും രക്ഷാദൗത്യം നടത്താനും
പൂര്‍ണസജ്ജരായി ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) റാന്നിയിൽ ഉണ്ട്. ഒരു ഓഫീസറും 22 അംഗങ്ങളും മൂന്നു ബോട്ടും അടങ്ങുന്ന ടീമാണ് റാന്നിയില്‍ ക്യാമ്പ് ചെയ്യുന്നത്.

അടവിയില്‍ നിന്നും എട്ട് കുട്ടവഞ്ചിയും രക്ഷാപ്രവര്‍ത്തനത്തിനായി റാന്നിയില്‍ എത്തിച്ചിട്ടുണ്ട്. റാന്നിയില്‍ രണ്ട് പെട്രോള്‍ പമ്പില്‍ ഇന്ധനം ശേഖരിക്കാന്‍ ജില്ലാ കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനൊപ്പം കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളും പത്തനംതിട്ടയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും അയച്ചു.

വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും. ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചതു പ്രകാരമാണ് രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികള്‍ എത്തിയത്. പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ കോഴഞ്ചേരി ഡെപ്യൂട്ടി തഹസില്‍ദാര്‍മാർ ചേര്‍ന്നു മത്സ്യ തൊഴിലാളികളെ സ്വീകരിച്ചു.

അതേ സമയം പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാല്‍ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തമായി പെയ്യുന്നതിനാൽ പമ്പ ഡാം തുറക്കേണ്ടി വരുമെന്നാണ് സൂചന. അണക്കെട്ടിലെ ജലനിരപ്പ് 983.05 മീറ്റര്‍ ആയിട്ടുണ്ട്.ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് 983.50 മീറ്ററിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാലാണ്. രണ്ടാമത്തെ അലര്‍ട്ടായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക.

ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതുവഴി 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്നലത്തേതിനു സമാനമായ നീരൊഴുക്ക് ഉണ്ടാകാന്‍ ഇടയുണ്ട്. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തിരുവല്ല നെടുമ്പ്രത്ത് അതിശക്തമായി വെള്ളം കയറുന്നുണ്ട്. ഗതാഗത തടസം വലിയ രീതിയില്‍ ഇവിടെ അനുഭവപ്പെടുന്നുണ്ട്. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഗതാഗതം മുടങ്ങിയേക്കും. പമ്പ ഡാം തുറക്കുന്നതിനെ ആശ്രയിച്ചായിരിക്കും ജലനിരപ്പ് കടുതലായി ഉയരുക.

അതേസമയം ജില്ലയിലെ
റാന്നി, ആറന്മുള, തിരുവല്ല, തിരുമൂലപുരം, നെടുമ്പ്രം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വെള്ളം കയറി. വിവിധയിടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.