കരിപ്പൂർദുരന്തം: വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡെൽഹിയിൽ എത്തിച്ചു

കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ഡൽഹിയിൽ എത്തിച്ചു. വിശദമായ പരിശോധനയ്ക്കാണ് ബ്ലാക്ക് ബോക്‌സ് ഡൽഹിയിൽ എത്തിച്ചത്. വിമാനം ലാൻഡ് ചെയ്തത് നിശ്ചയിക്കപ്പെട്ട ലാൻഡിംഗ് മേഖലയിൽ നിന്ന് മാറിയാണെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്നും വിവരമുണ്ട്. നിലവിൽ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ളത് 123 പേരാണ്. ഇതിൽ പതിനൊന്ന് പേരുടെ നില ഗുരുതരമാണ്. മൂന്നു പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

അതേസമയം, കരിപ്പൂർ വിമാന ദുരന്തം അന്വേഷിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷണൽ എസ്പി ജി. സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ ടീമിനെയാണ് രൂപീകരിച്ചത്.

മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എഎസ്പി ഹേമലത, ഇൻസ്പെക്ടർമാരായ ഷിബു, കെ.എം. ബിജു, സുനീഷ് പി.തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിലുണ്ട്.