മൂന്നാർ: ഉരുൾപൊട്ടലുണ്ടായ രാജമലയിലെ പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ആറ് മാസം പ്രായമായ കുഞ്ഞിന്റേതാണ് മൃതദേഹം. ഇതോടെ ആകെ മരണം 43 ആയി. ഇന്ന് മാത്രം 17 മൃതദേഹങ്ങളാണ് അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇനി 16 കുട്ടികളടക്കം 27 പേരെ കണ്ടെത്താനുണ്ട്. കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പ്രധാനമായും നടത്തുന്നത്.
കനത്ത മഴയായതിനാൽ സ്ഥലത്ത് തെരച്ചിൽ ഇപ്പോഴും അതീവദുഷ്കരമാണ്. മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലർ പെട്ടിമുടിപ്പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്.
57 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് ടീമും, ഫയർ ആന്റ്റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
രക്ഷാദൗത്യത്തിൽ സഹായിക്കാൻ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.