രക്തം നല്‍കി സഹായിക്കാന്‍ അര്‍ധരാത്രിയും സുമനസുകൾ

കരിപ്പൂര്‍: വിമാനദുരന്തത്തില്‍പ്പെട്ടവര്‍ക്ക് രക്തം നല്‍കി സഹായിക്കാന്‍ അര്‍ധ രാത്രിയും രക്തബാങ്കിന് മുന്നില്‍ ക്യൂ. പരിക്കേറ്റവര്‍ക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് നിരവധി പേര്‍ ബ്ലഡ് ബാങ്കിന് മുന്നിലെത്തിയത്. കോഴിക്കോട് മെഡി.കോളേജില്‍ കനത്തമഴയെ പോലും വകവയ്ക്കാതെ നിരവധി പേര്‍ ബ്ലഡ് ബാങ്കിന് മുന്നില്‍ വരിനിന്നു. പൃഥ്വീരാജ്, കുഞ്ചോക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങി പ്രമുഖരടക്കമുള്ളവര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ച് ഇവരുടെ നന്മയ്ക്ക് ആദരമര്‍പ്പിച്ചു.

അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂറില്‍ രണ്ടായി കിടന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച് ആശുപത്രിയിലാക്കിയത്. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും എല്ലാ സംവിധാനം ഒന്നിച്ച് അണിനിരന്നതോടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.

കനത്ത മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും നാട്ടുകാര്‍ തളര്‍ന്നില്ല. എല്ലാവരും ഒരുമിച്ച് നിന്നതോടെ ദുരന്തത്തിന്റെ ആഘാതം കുറക്കാനായി. ഒന്നര മണിക്കൂറിനുള്ളില്‍ വിമാനത്തിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു. സോഷ്യല്‍ മീഡിയയും രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജമായി. പരിക്കേറ്റവര്‍ക്ക് രക്തം വേണമെന്ന സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ നാടാകെ പരന്നു.