മൂന്നാര്‍ പെട്ടിമുടിയില്‍ ലയത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് നാലു പേർ മരിച്ചു; മണ്ണിനടിയിൽ കൂടുതൽ പേർ

മൂന്നാര്‍: ഇടുക്കി മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ എസ്റ്റേറ്റ് ലയത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് നാലു പേർ മരിച്ചു. ഇരുപതോളം കുടുംബങ്ങളിലെ 83 പേർ താമസിക്കുന്ന ലയങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഇതിൽ 67 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന.

മണ്ണിനടിയിൽനിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ടുണ്ട്.

മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രദേശം. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.ഫയര്‍ ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നു. പോലീസും സംഭവസ്ഥലത്തുണ്ട്. നിരവധി പേര്‍ മണ്ണിനടിയിലാണെന്ന് സംശയം. നാലു ലയങ്ങളിലായി 80 ഓളം പേര്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട്. അപകടത്തിന്റെ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളുവെന്ന് മന്ത്രി എം എം മണി.തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.

മൂന്നാർ മേഖലയിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തെ മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ മറയൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. പൊലീസും, ദുരന്തനിവാരണ സേനയും പ്രദേശത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴയാണ് ഇടുക്കിയിൽ ഉള്ളത്. മൂന്നാർ അടക്കമുള്ള മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപകമായിരുന്നു. ഇതേ തുടർന്ന് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. മൂന്നാർ പെരിയവര താത്കാലിക പാലം തകർന്നു. ഗതാഗതം തടസപ്പെട്ടതോടെ മറയൂർ അടക്കമുള്ള എസ്‌റ്റേറ്റ് മേഖലകൾ ഒറ്റപ്പെട്ടു.

നിലവിൽ ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ 130 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്.