മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു; 10 പേരെ രക്ഷപ്പെടുത്തി

മൂന്നാർ: കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. മണ്ണിനടിയിൽനിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. പത്തു പേരെ രക്ഷപെടുത്തി. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു.

83 പേർ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും 63 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നുമാണു സംശയിക്കുന്നത്. മണ്ണിനടിയില്‍നിന്നു പുറത്തെടുത്തവരെ മൂന്നാര്‍ കണ്ണന്‍ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

അഞ്ചുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം. തകർന്ന പെരിയവര പാലം ശരിയാക്കി. താൽക്കാലികമായുള്ള ഗതാഗതസാധ്യതയാണ് തയാറാക്കിയത്. രക്ഷാപ്രവര്‍ത്തനത്തെ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

സമീപത്തെ ആശുപത്രികൾക്കു തയാറായിരിക്കാൻ നിർദേശം നൽകി. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും എൻഡിആർഎഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേർ മണ്ണിനടിയിലായതായി കോളനിനിവാസികൾ പറയുന്നു. പ്രദേശത്ത് വാർത്താവിനിമയ സംവിധാനങ്ങളില്ല. ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.