മൂന്നാർ പെട്ടിമുടി ദുരന്തം; മരിച്ചവർ 11 ആയി

മുന്നാര്‍: ഇടുക്കി മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ‍യി. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി മൂന്നാര്‍ കണ്ണന്‍ദേവന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലുള്ള ഒ​രാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി.ഇനി 55 പേരെ കണ്ടെത്താനുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു. 78 പേരാണ് അപകടത്തില്‍പ്പെട്ടത്.

അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേർന്ന് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ദേശീയ ദുരന്തപ്രതിരോധ സേനയുടെ ഒരു സം​ഘ​വും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്.ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണ് രാ​ജ​മ​ല. അഞ്ചുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു.

തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട ലയങ്ങളിൽ പലതും പൂർണമായും മണ്ണിനടിയിലായി എന്നാണ് വിവരം. ഒരു വശത്ത് നദി ശക്തമായി കുത്തിയൊഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനം സജീവമായി പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിംഗ് അടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ കനത്ത മഴയും മഞ്ഞും ഉള്ളതിനാൽ നിലവിൽ എയർലിഫ്റ്റിംഗ് സാധ്യമല്ലാത്ത സ്ഥിതിയാണ് എന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കിയത്.

നിലവിൽ പെരിയവര പാലത്തിന് നടുവിൽ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമിച്ചിരിക്കുകയാണ്. ഇത് വഴിയാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിച്ചത്. ഇരവികുളം നാഷണൽ പാർക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. തകർന്ന പെരിയവര പാലം താൽക്കാലികമായി ശരിയാക്കിയത് രക്ഷാപ്രവര്‍ത്തനത്തെ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.