സ്വർണവില കുതിക്കുന്നു; പവന് 41320 ₹

കൊച്ചി: സ്വർണവില പവന് 120 രൂപ വർധിച്ച് 41320 രൂപയിലേക്ക്. രണ്ടു ദിവസം കൊണ്ട് മാത്രം 1040 രൂപയുടെ വർധനവാണ് സ്വർണത്തിൽ ഉണ്ടായത്. ഇന്നലെ മാത്രം രണ്ടു തവണ ആയാണ് വില ഉയർന്നത്. രാവിലെ പവന് 520 വര്‍ധിച്ച സ്വര്‍ണവില മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വീണ്ടും കുതിക്കുകയായിരുന്നു.

5165 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന് 40000 രൂപയിലെത്തിയത്. ജൂലായ് മുതൽ സ്വർണത്തിന് 5520 രൂപയോളം ഉയർന്നിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു. ആറ് ദിവസം കൊണ്ട് സ്വർണത്തിന് 1320 രൂപയുടെ വർദ്ധനവുണ്ടായി.

അന്താരാഷ്ട്ര തലത്തിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,039.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കൊറോണ വ്യാപനം തുടരുന്നത് മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. യുഎസ് ചൈന വ്യാപാര തർക്കവും സ്വർണ വിലയിൽ സ്വാധീനിക്കുന്നുണ്ട്.