ബാങ്കുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മാർഗ്ഗ നിർദ്ദേശം; പാലിക്കാത്തവർക്കെതിരേ നടപടി: ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മാർഗ്ഗ നിർദ്ദേശങ്ങളുമായി ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാപാര സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും മുന്നിൽ കൊറോണ നിർദ്ദേശങ്ങളും സാമൂഹിക അകലവും കൃത്യമായി പാലിക്കണം. കടകളിൽ വരുന്നവർ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് കടയുടമകൾ ആണ്. രോഗ വ്യാപനം കൂടിയ സാഹചര്യത്തിലും നിയമ ലംഘനങ്ങൾ കൂടുന്ന സാഹചര്യത്തിലുമാണ് ഡിജിപിയുടെ പുതിയ ഉത്തരവ്.

ബാങ്കുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും മുൻപിൽ കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പതിപ്പിക്കണം. ഇത് പരിശോധിക്കാൻ പ്രത്യേകം പോലിസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളില്‍ തിരക്ക് ഉണ്ടാകാന്‍ പാടില്ല. മാർജിൻഫ്രീ ഉൾപ്പെടെയുളള ഹൈപ്പർമാർക്കറ്റുകളിൽ 100 ചതുരശ്രമീറ്ററിന് ആറ് പേർ എന്ന നിലയിൽ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്ന് ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. വലിയ കടകളിൽ ആളുകളുടെ എണ്ണം 12 വരെയാകാം.

സാമൂഹിക അകലം വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബാധകമാണ്. ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിയന്ത്രണം ശക്തമാക്കണം. ഒരേ സമയം ബാങ്കിനുള്ളില്‍ ആളുകളുടെ എണ്ണം കുറക്കണം. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിലെത്താനുള്ള സമയം ബാങ്ക് അധികൃതര്‍ ഫോണിലൂടെ നല്‍കണം.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കും ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി ഉണ്ടാകും. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ സോണല്‍ ഐജി, റേഞ്ച് ഐജി, ജില്ലാ പോലീസ് മേധാവിമാര്‍, എസ്എച്ച്ഒമാര്‍ എന്നിവര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.