തിരുവനന്തപുരത്ത് മരിച്ച രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു കൊറോണ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസൻ്റെ പരിശോധനാഫലം ഇന്ന് പോസിറ്റീവായി. മെഡിക്കൽ കോളേജിലാണ് ദാസൻ മരിച്ചത്.

തിരുവനന്തപുരത്ത് മരിച്ച കുന്നത്തുകാൽ സ്വദേശി സ്റ്റാൻലി ജോണിനും മരണശേഷം കൊറോണ സ്ഥിരീകരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു ദാസൻ. ഇയാളുടെ വിശദമായ പരിശോധന ഫലം വരാത്തതിനാൽ ഇയാളെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇന്നലെ ഇദ്ദേഹത്തിന്റെ മൃതദേഹം കൊറോണ പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു.

അതേസമയം കഴിഞ്ഞ ദിവസംവരെ 87 പേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും ജീവൻ നഷ്ടമായ 26 കൊറോണ ബാധിതർ നിബന്ധനകൾ കാരണം സർക്കാരിന്റെ പട്ടികയ്ക്കു പുറത്താണ്. കൊറോണ പോസിറ്റീവ് ആണെങ്കിലും മറ്റെന്തെങ്കിലും ഗുരുതര രോഗമാണ് മരണകാരണം എന്നതിനാലാണ് ആരോഗ്യവകുപ്പ് അവരെ കൊറോണ മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത്.

അതേസമയം, രോഗബാധിതരുടെ പട്ടികയിൽ അവരുണ്ടുതാനും. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം അങ്ങനെയുള്ളവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന് നേരത്തേ മുഖ്യമന്ത്രിയും കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയും പറഞ്ഞിരുന്നു.