വൈദ്യരത്നം ഔഷധശാല ഉടമ ഇ ടി നാരായണൻ മൂസ് അന്തരിച്ചു

തൃശ്ശൂർ: വൈദ്യ രത്നം ഔഷധശാല ഉടമ, തൈക്കാട്ടുശേരി വൈദ്യരത്നം ഗ്രൂപ്പ് ചെയർമാൻ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ് അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്‌. ആയുർവേദ ചികിത്സാ രംഗത്ത് നൽകിയ ഉന്നത സംഭാവനകൾക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. 2010ലാണ് നാരായണൻ മൂസിന് പത്മഭൂഷൺ ലഭിച്ചത്.

ആയുർവേദ പരമ്പരയിൽപ്പെട്ട തൃശൂർ തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠൻ മൂസ്സിന്റെയും ദേവകി അന്തർജനത്തിന്റെയും പത്തു മക്കളിലെ ഏക പുത്രനാണ്. വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തർജനമാണു ഭാര്യ. ഇ.ടി.നീലകണ്ഠൻ മൂസ്സ്, ഇ.ടി.പരമേശ്വരൻ മൂസ്സ്, ഇ.ടി.ഷൈലജ എന്നിവരാണു മക്കൾ.

1941ൽ നാരായണൻ മൂസിന്റെ അച്ഛൻ നീലകണ്ഠൻ മൂസാണ് വൈദ്യരത്നം ഔഷധശാല തുടങ്ങിയത്. 1954ൽ നാരായണൻ മൂസ് ചുമതലക്കാരനായി.

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂർ വൈദ്യരത്ന ആയുർവേദ കോളേജ്, നേഴ്സിങ് കോളേജ്, മൂന്ന് ഔഷധ നിർമാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റർ ഓഫ് എക്സലൻസ് അംഗീകാരം നേടിയ ആയുർവേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റൽ, മൂന്ന് ആയുർവേദ ഔഷധ ഫാക്ടറികൾ,നിരവധി ഔഷധശാലകൾ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണൻ മൂസ്.