തിരുവനന്തപുരത്ത് അതിസങ്കീർണമായി കൊറോണ വ്യാപനം; അഞ്ചുതെങ്ങിൽ 16 പേർക്കുകൂടി രോഗബാധ

തിരുവനന്തപുരം: ജില്ലയിൽ ഇപ്പോഴും കൊറോണ വ്യാപന സാഹചര്യം അതിസങ്കീർണമായി തുടരുകയാണ്. തീരപ്രദേശമായ അഞ്ചുതെങ്ങിൽ 16 പേർക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു. അൻപതു പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 16 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വർക്കലയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആറ്റിങ്ങൽ അവനവൻചേരിയിൽ രണ്ടുപേർക്കും രോ​ഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം തീരദേശ മേഖലയിൽ രോ​ഗം വ്യാപിക്കുകയാണ്.

കിൻഫ്രയിൽ അറുപതുപേരിൽ പരിശോധന നടത്തിയതിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് രോ​ഗം സ്ഥിരീകരിച്ചു. പൗണ്ട്കടവ് കോരണംകുഴി കോളനിയിൽ 12 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കൊറോണ കേസുകൾ കണ്ടെത്തിയത്.

കള്ളിക്കാട് പഞ്ചായത്തിൽ 37 പേരിൽ നടത്തിയ പരിശോധനയിൽ മൂന്നുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിൽ കാനറ ബാങ്ക് ജീവനക്കാരന് രോ​ഗം സ്ഥിരീകരിച്ചതോടെ ബാങ്ക് അടച്ചു.