മൺസൂൺ ബമ്പർ ഭാ​ഗ്യശാലി; കോടീശ്വരൻ എവിടെ

കൊച്ചി: മൺസൂൺ ബമ്പർ ഭാ​ഗ്യശാലി എവിടെ? ചൊവ്വാഴ്ച നറുക്കെടുത്ത ബമ്പറിൻ്റെ കോടീശ്വരനെ പറ്റി ഇതുവരെ യാതൊരു വിവരവുമില്ലെന്നും വൈകുന്നേരത്തോടെ ഉടമ ടിക്കറ്റുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പെരുമ്പാവൂർ ജയം ബ്രദേഴ്സ് ഉടമ ജയകുമാർ. ജയം ബ്രദേഴ്സ് ഉടമ ജയകുമാറിന്റെ അനുജൻ രാജൻ വിറ്റ ടിക്കറ്റിനാണ് സമ്മാനം.

മുവാറ്റുപുഴ വെള്ളൂർകുന്നം ജയം ബ്രദേഴ്സ് ലോട്ടറി മൊത്ത വ്യാപാര ഏജൻസിയിൽ നിന്നും പെരുമ്പാവൂരിൽ എത്തിച്ചു വിറ്റ എംഡി 240331 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചു കോടിരൂപ അടിച്ചത്.

“അനുജൻ രാജന്റെ പക്കൽ നിന്നും ചില്ലറ വിൽപനക്കാർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. സമാശ്വാസ സമ്മാനത്തിന് അർഹരായവർ വന്നിരുന്നു. ഇന്ന് പത്രങ്ങളിൽ റിസൾട്ട് വന്നതിനാൽ വൈകുന്നേരത്തോടെ ഉടമ വരുമെന്നാണ് പ്രതീക്ഷ” ജയകുമാർ പറയുന്നു.

ജൂലൈ 30ന് നടത്താനിരുന്ന നറുക്കെടുപ്പ് കൊറോണ വ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചിരുന്നു. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും ലഭിക്കും. നാലാം സമ്മാനമായ ഒരു ലക്ഷം അവസാന അഞ്ചക്കത്തിനാണ് കിട്ടുന്നത്. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.