തെളിവെടുപ്പിനിടെ കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: തെളിവെടുപ്പിനിടെ കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. 15-ാം ദിവസമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ലു സ്വദേശി മഹേഷിൻ്റെ മൃതദേഹം കർണാടകയിലെ കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽത്തീരത്താണ് കണ്ടെത്തിയത്.

അഴുകിയ നിലയിലായിരുന്ന മൃതദേഹം വസ്ത്രങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി സ്കൂബ സംഘത്തിലെ മുങ്ങൽ വിദഗ്ധരടക്കം രണ്ടാഴ്ചയിലധികം ഇയാൾക്കായി കടലിൽ തിരച്ചിൽ നടത്തിയിരുന്നു.
പന്ത്രണ്ടുകാരിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതിയായ മഹേഷ് കഴിഞ്ഞ മാസം 22 നാണു തെളിവെടുപ്പിനിടെ കടലിൽ ചാടിയത്.

വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മഹേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. പ്രതികളെ ചോദ്യംചെയ്തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കസബ തീരത്ത് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.

ഫോൺ കണ്ടെടുക്കുന്നതിനായി കടപ്പുറത്തേക്ക് കൊണ്ടുവന്ന പ്രതി കൂട്ടുകാരും പൊലീസും നോക്കി നിൽക്കെയാണ് പൊലീസുകാരുടെ അടുത്ത് നിന്നും കുതറിയോടി കൈവിലങ്ങോട് കൂടി കടലിൽ ചാടിയത്.

അതേസമയം, മഹേഷി‍നെ കാണാതായതിൽ ദുരൂഹത ഉണ്ടെന്നും ചട്ടങ്ങൾ ലംഘിച്ച് ആണ് വിലങ്ങ് വെച്ചതെന്നും ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.