ന്യൂഡെൽഹി: പിപിഇ കിറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞയാൾക്കെതിരെ കേസ് എടുത്ത് പോലീസ്. കഴിഞ്ഞ ദിവസമാണ് ഉപയോഗ ശേഷം വലിച്ചെറിഞ്ഞ പിപിഇ കിറ്റ് മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ധാരാളം വയോധികരായ ആളുകൾ താമസിക്കുന്ന സൗത്ത് ദില്ലിയിലെ സിആർ പാർക്ക് പ്രദേശത്താണ് ഇത്തരത്തിൽ പിപിഇ കിറ്റ് വലിച്ചെറിഞ്ഞിരിക്കുന്നത്. ഇയാളെ കണ്ടെത്തിയതായും പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായും ഇപ്പോൾ ചികിത്സയിലുള്ള ഇയാളെ രോഗമുക്തി നേടിയതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സംഗീത സംവിധായകൻ ശന്തനു മോയിത്രയാണ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് കേസ് ഫയൽ ചെയ്തു. അന്വേഷണത്തിൽകൊറോണ രോഗിയാണ് ഈ പ്രവർത്തിക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇയാൾ രോഗമുക്തി നേടിയതിന് ശേഷം മറ്റ് നിയമനടപടികളിലേക്ക് നീങ്ങും.
ആംആദ്മി പാർട്ടി എംഎൽഎ അതിഷി മർലേനയെ ടാഗ് ചെയ്താണ് മൊയിത്ര സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഡെൽഹി സിആർ പാർക്ക് ഏരിയയിലുള്ള ഒരു വീടിന്റെ വീഡിയോ ആണിത്. കൊറോണ രോഗികളായ ഏതെങ്കിലും വ്യക്തികൾ പുറന്തളളിയ പിപിഇ കിറ്റാകാം ഇത്. വളരെ അപകടകരമായ പ്രവർത്തിയാണിത്. കാരണം ഈ പ്രദേശത്ത് ധാരാളം വയോധികരായ ആളുകൾ താമസിക്കുന്നുണ്ട്. അവർ പരിഭ്രാന്തരാകും. എത്രയും വേഗം അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’ മോയിത്ര ട്വീറ്റിൽ പറഞ്ഞു.