ഉത്രയുടെ കൊലപാതകം; അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളില്‍ സമര്‍പ്പിക്കും

കൊല്ലം: അഞ്ചലില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊന്ന സംഭവത്തിൽ ഭർത്താവ് സൂരജിനെതിരേ അന്വേഷണ സംഘം അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളില്‍ കോടതിയില്‍ സമര്‍പ്പിക്കും. മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ച് അന്വേഷണ സംഘം സംഭവം പുനരാവിഷ്‌കരിച്ചു . ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം കേസില്‍ അന്വേഷണ സംഘം കരട് കുറ്റപത്രം തയ്യാറാക്കി.

കഴിഞ്ഞദിവസം പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് ഫോറന്‍സിക് മേധാവി ശശികല ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന് വിവരങ്ങള്‍ കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് എത്തിയാണ് വിവരം ശേഖരിച്ചത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഉത്രയെ കടിപ്പിച്ച പാമ്പിന്റെയും മറ്റും ശാസ്ത്രീയ പരിശോധന വിവരങ്ങള്‍ അന്വേഷകസംഘത്തിന് അനിവാര്യമാണ്. ഏറെയും ശാസ്ത്രീയ തെളിവുകളാണ് കേസിന് പിന്‍ബലം. സൂരജ് മൂര്‍ഖനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതു സംബന്ധിച്ച് നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രധാനമാണ്. റിപ്പോര്‍ട്ട് വൈകാതെ അന്വേഷകസംഘത്തിനു ലഭിക്കും.

കൊലപാതകം, ഗാര്‍ഹിക പീഡനം എന്നിങ്ങനെയാകും പുനലൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് സൂചന. കൊലപാതകക്കേസില്‍ സൂരജ് മാത്രമാവും പ്രതി. പാമ്പുപിടിത്തക്കാരന്‍ സുരേഷ് മാപ്പുസാക്ഷിയാകും.

ഗാര്‍ഹിക പീഡനക്കേ സില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാകും പ്രതികളെന്നാണ് സൂചന. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ക്രൈംബ്രാഞ്ച്.