കുട്ടിയുടെ എക്സ് റേ ദൃശ്യങ്ങൾ പുറത്ത്: മരണകാരണം നാണയമല്ല; കൊറോണ ഫലവും നെഗറ്റിവ്

ആലുവ: നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ എക്സ് റേ ദൃശ്യങ്ങൾ പുറത്ത്. ആലുവ ജില്ലാ ആശുപത്രിയിൽനിന്നും ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും എടുത്ത എക്സ് റേകളാണു പുറത്തുവന്നത്. നാണയമിരിക്കുന്നത് മരണകാരണമാകുന്ന തരത്തിൽ ശ്വാസനാളത്തിലല്ല മറിച്ച്‌ ആമാശയത്തിലാണെന്ന് എക്സ് റേയിൽ വ്യക്തമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

അതിനിടെ കുട്ടിയുടെ കൊറോണ പരിശോധനാഫലം നെഗറ്റീവാണെന്നു തെളിഞ്ഞു. മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം നെഗറ്റിവായത്. മരണകാരണം വ്യക്തമാകണമെങ്കിൽ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണം. സംഭവം വിവാദമായ സാഹചര്യത്തിൽ പൊലീസ് സർജനായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക.

ആമാശയത്തിൽ കുടുങ്ങിയ നാണയം കുഞ്ഞിന്റെ ജീവന് ഭീഷണിയല്ലെന്നു കാണിച്ചാണ് ആശുപത്രിയിൽനിന്നു മടങ്ങാൻ അധികൃതർ പറഞ്ഞതെന്നാണ് വിവരം. ശസ്ത്രക്രിയ നടത്തിയോ, ട്യൂബ് ഇട്ടോ നാണയം എടുക്കേണ്ട ആവശ്യമില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ഇതു സ്വഭാവികമായി വയറ്റിൽനിന്നു പുറത്തുവരുമെന്നുമായിരുന്നു ഡോക്ടർമാർ കണക്കാക്കിയത്. ശിശുരോഗവിദഗ്ധർ ഉൾപ്പെടെ കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ. വി.രാംലാലിൻ്റെ വിശദീകരണം ഇങ്ങനെ.

ഓഗസ് ഒന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ന് മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് കുട്ടികളുടെ വിഭാഗത്തിൽ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി , എന്നിവിടങ്ങളിൽ നിന്ന് റഫർ ചെയ്‌ത് കൊണ്ടുവന്നു. രാവിലെ നാണയം വിഴുങ്ങി എന്നായിരുന്നു കുട്ടിയുടെ അമ്മ പറഞ്ഞത്. കുട്ടിക്ക്‌ ശ്വാസം മുട്ടലോ മറ്റ്‌ അസുഖങ്ങളോ ഉണ്ടായിരുന്നില്ല. പരിശോധനയിലും കുട്ടിക്ക്‌ ശ്വാസതടസ്സമോ വയർ പെരുക്കമോ ഉണ്ടായിരുന്നില്ല. എടുത്ത രണ്ട് എക്സറേ കളിലും നാണയത്തിന്റെ നിഴൽ ആമാശയത്തിലായിരുന്നു. ഈ കുട്ടിയെ പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധിച്ചു. ശാസ്ത്രീയമായി ഈ കുട്ടിക്ക് ഓപ്പറേഷൻ ചെയ്യുകയോ ട്യൂബ് ഇട്ടു നോക്കേണ്ട ആവശ്യമോ ഇല്ല.

സാധാരണ ഭക്ഷണം നൽകുകയും ധാരാളം വെള്ളം കുടിപ്പിക്കുകയും ചെയ്യാനും, കുട്ടിയുടെ മലം നിരീക്ഷിക്കാനും അമ്മയെ ഉപദേശിച്ചു.ആവശ്യം ഉണ്ടെങ്കിൽ ഒരാഴ്ച കഴിഞ്ഞ് വരാനും നിർദേശിച്ചു.ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് കുഞ്ഞ് പൂർണ ആരോഗ്യവാൻ ആയിരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.