തിരുവല്ല: മണിമലയാറില്‍ ഒഴുക്കില്‍പ്പെട്ട വീട്ടമ്മക്ക് രക്ഷകനായത് യുവാവ്. ആറിന് സമീപത്തായി താമസിക്കുന്ന ഓമന(68)നെയാണ് വള്ളവുമായെത്തി യുവാവ് രക്ഷിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ മണിമലയാറ്റിലെ കുറ്റിപ്പുറത്തു കടവില്‍ കുളിക്കാന്‍ പോയതാണ് താനെന്നാണ് ഓമന പറയുന്നത്. നന്നായി നീന്തല്‍ അറിയാവുന്ന ആളാണ് അമ്മയെന്ന് ഇവരുടെ മകന്‍ രാജേഷും പറയുന്നു. എന്നാല്‍ ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന അമ്മയെ വ്യാഴാഴ്ച രാവിലെ ആയപ്പോള്‍ കാണാതായതോടെ മകന്‍ പൊലീസില്‍ പരാതി നല്‍കി.
ഈ സമയം ആറ്റിലൂടെ അബോധാവസ്ഥയില്‍ ഒഴുകി പോവുകയായിരുന്ന വീട്ടമ്മയെ വള്ളം ഇറക്കി യുവാവ് രക്ഷപെടുത്തി. വിദഗ്ധ ചികിത്സക്കായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അന്‍പതിലേറെ കിലോമീറ്റര്‍ ആറ്റിലൂടെ ഒഴുകിയിരുന്നു.
ആറിലൂടെ ഒഴുകി പോകുന്നത് വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ തിരുവല്ല കുറ്റൂര്‍ റെയില്‍വേ പാലത്തിന് സമീപം നിന്നവരാണ് കണ്ടത്. ഇവര്‍ ആറിന്റെ തീരത്ത് താമസിക്കുന്ന റെജി വര്‍ഗീസിനെ അറിയിച്ചു.
റെജി വള്ളത്തിലെത്തി വീട്ടമ്മയെ വള്ളത്തിലേക്ക് എടുത്തു കയറ്റി. വീട്ടിലേക്ക് കൊണ്ടുപോയി കമ്പിളി പുതപ്പിച്ചു. ചൂടുവെള്ളം കൊണ്ട് തുടച്ചതോടെ ബോധം തെളിഞ്ഞു. പിന്നാലെ തിരുവല്ല പൊലീസ് എത്തി താലൂക്ക് ആശുപത്രിയിലേക്കേ് കൊണ്ടുപോയി.സിപിഎം തിരുമൂലപുരം ബ്രാഞ്ച് സെക്രട്ടറിയാണ് റെജി വര്‍ഗീസ്.