പെരുമ്പാവൂർ: തോട്ടിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ. വളയൻചിറങ്ങര അമ്പലത്തുകുടി അജിത്ത് അശോക (33) നാണ് മരിച്ചത്. ഇൻവെർട്ടർ വഴിയുള്ള മീൻപിടിത്തത്തിനിടെ ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിൻ്റെ സമീപത്തുള്ള തോട്ടിലാണ് അജിത്ത് മീൻ പിടിക്കാൻ ഇറങ്ങിയത്. രാത്രി ഏറെ വൈകിയിട്ടും അജിത്തിനെ കാണാതായതോടെ കുടുംബാഗങ്ങൾ സുഹൃത്തുക്കളെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരം കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.
വീടിന് സമീപത്തുള്ള തോട്ടിൽ അജിത്ത് സ്ഥിരമായി മീൻ പിടിക്കാൻ പോകാറുണ്ടായിരുന്നു. കൂട്ടുകാർക്കൊപ്പമാണ് മീൻപിടിത്തത്തിന് ഇറങ്ങാറ്. എന്നാൽ ഇന്നലെ രാത്രി ഒറ്റയ്ക്കാണ് പോയത്. അധികം വൈകാതെ തിരിച്ചെത്താമെന്ന് പറഞ്ഞാണ് ഗർഭിണിയായ ഭാര്യയേയും കിടപ്പു രോഗിയായ പിതാവിനെയും ഒറ്റയ്ക്കാക്കി അജിത്ത് മീൻ പിടിക്കാൻ പോയത്. ഏറെ വൈകിയിട്ടും കാണാതായതോടെ ഫോണിൽ ബന്ധപ്പെട്ടു. ഫോൺ എടുക്കാതായതോടെയാണ് സുഹൃത്തുക്കളെ വിളിച്ചത്.
ജെസിബി, ഹിറ്റാച്ചി ഡ്രൈവറായിരുന്നു അജിത്ത്. സ്വകാര്യ ക്രഷർ യൂണിറ്റിലായിരുന്നു ജോലി. അമ്പലത്തു കുടി അശോകൻ – ശോഭന ദമ്പതികളുടെ മകനാണ്ഭാര്യ: അംഗിത