കൊച്ചി: കണ്ണൂരില്‍ നിന്നും തിരുവനനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്‌സ്പ്രസില്‍ കൊറോണ രോഗബാധിതന് യാത്ര ചെയ്തത് പരിഭ്രാന്തി പരത്തി. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിനിൽ കയറിയത്. യാത്രക്കാരന്‍ യാത്ര ചെയ്തത് അടക്കം മൂന്ന് കമ്പാര്‍ട്ടുമെന്റുകള്‍ സീല്‍ ചെയ്തു.
കൊറോണ പരിശോധനാഫലം വരുന്നതിന് മുമ്പേ ഇയാള്‍ ട്രെയിനില്‍ കയറുകയായിരുന്നു എന്നാണ് വിവരം. ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോഴാണ് ഇയാളുടെ പരിശോധനാഫലം പുറത്തുവന്നത്. പരിശോധനാ ഫലം ഉടന്‍ തന്നെ ആരോഗ്യവകുപ്പ് റെയില്‍വേ അധികൃതരെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റോപ്പില്‍ തീവണ്ടി നിര്‍ത്തി യാത്രക്കാരനെ റെയില്‍വേ ആരോഗ്യവിഭാഗം സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറി.
ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊറോണ പൊസിറ്റീവ് ആയ ആള്‍ക്കൊപ്പം യാത്ര ചെയ്ത മൂന്നുപേരെ നിരീക്ഷണത്തിലാക്കി. കൊറോണ ബാധിതനായ യാത്രക്കാരനെ ഇറക്കിയ എറണാകുളം സ്‌റ്റേഷന്‍ അണുവിമുക്തമാക്കി. ട്രെയിന്‍ തിരുവനന്തപുരത്തെത്തിയ ശേഷം അണുവിമുക്തമാക്കും.
കുന്ദമംഗലം സ്വദേശിയായ ഇയാള്‍ കെഎസ്‌ഇബി കരാര്‍ ജോലിക്കാരനെന്നാണ് റിപ്പോര്‍ട്ട്. മുന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് യാത്രയ്ക്ക് തയ്യാറായത്.