പാലക്കാട്: അരയ്ക്കു താഴെ തളർന്ന യുവാവിന് കൊറോണ ബാധിച്ചപ്പോൾ ആശുപത്രിയിലാക്കാൻ സഹായഹസ്തം നീട്ടിയത് വൈറസ്ബാധിതരായ മറ്റ് രണ്ട് പേർ. സ്നേഹത്തോടെ ശ്രദ്ധയോടെ ഇരുവരും ചേർന്ന് യുവാവിനെ താങ്ങി എടുത്ത് ആംബുലൻസിലേക്കും ആശുപത്രിയിലേക്കും മാറ്റി. മഹാമാരിയെ ഭീതിയോടെ കണ്ട് രോഗികളെ ഒറ്റപ്പെടുത്തുന്നവർക്ക് മുന്നിൽ വേറിട്ട മാത്യകയായി ഈ രണ്ടു പേർ. പട്ടാമ്പി കൊപ്പത്താണ് വ്യത്യസ്തമായ ഈ സംഭവം.
പട്ടാമ്പി മത്സ്യ മാർക്കറ്റിലെ സമ്പർക്കത്തിലൂടെ കൊപ്പത്തെ ഒരു വീട്ടിൽ എല്ലാവർക്കും രോഗം ബാധിച്ചിരുന്നു. അരയ്ക്കു താഴെ തളർന്ന യുവാവിന് ആൻറിജൻ ടെസ്റ്റിന് പോകാൻ കഴിഞ്ഞില്ല. ഒറ്റപ്പെട്ടു പോയ യുവാവിനെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവ്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ ആളില്ലെന്നറിഞ്ഞതോടെ അങ്കലാപ്പായി.
പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ശരീരത്തോട് ചേർത്ത് യുവാവിനെ താങ്ങി എടുത്ത് കൊണ്ടു പോകുന്നത് സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ ആൻറിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ച രണ്ടു പേർ ഇതിന് സന്നദ്ധരായി രംഗത്തെത്തി. പിന്നീട് മൂന്ന് പേരെയും ഒരുമിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.