കോട്ടയം: മണർകാട് ചീട്ടുകളി സംഘത്തലവൻ്റെ ഉന്നത സൗഹൃദ വലയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ എംഎ ബേബിയും. പണം വെച്ച് ചീട്ടുകളി നടത്തിയതിന് പോലീസ് തിരയുന്ന മാലം സുരേഷിൻ്റെ വീട്ടിൽ എംഎ ബേബിക്കൊപ്പം സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാൽ കേസ് ഒതുക്കി തീർക്കാൻ എം.എ ബേബി ഇടപെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.
മാലം സുരേഷിൻ്റെ ആഡംബര വീട്ടിൽ ഉന്നതരുടെ നിത്യസന്ദർശനം ഉണ്ടായിരുന്നെന്ന് നാട്ടുകാർ നേരത്തേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.ഉന്നത പോലീസ് മേധാവി എം.എൽ.എ എന്നിവരോടൊപ്പം ചീട്ടുകളി ക്ലബ് നടത്തിപ്പുകാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
ക്ലബിൻ്റെ ഉദ്ഘാടനത്തിന് ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും നടി ഷംന കാസിമും ചേർന്ന്. മാണി സി കാപ്പനും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. മണർകാട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഈ പേരും പറഞ്ഞ് ഭയപ്പെടുത്തിയും പണം നൽകിയുമാണ് സ്വാധീനിച്ചിരുന്നതും. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളെ ഭയന്നാണ് കഴിഞ്ഞിരുന്നത്.
ക്രൗൺ ക്ലബിലെ റെയ്ഡിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. കേസ് അട്ടിമറിക്കാൻ ക്ലബ് സെക്രട്ടറി മാലം സുരേഷുമായി ചേർന്ന് മണർകാട് ഇൻസ്‌പെക്ടർ രതീഷ്‌കുമാർ ശ്രമിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് വിശദമായി അന്വേഷിക്കുന്നത്.
അതേ സമയം ചീട്ടുകളി ക്ലബിൽ മാസങ്ങൾക്കുള്ളിൽ മറിഞ്ഞത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ജില്ലയിലെ മലയോര മേഖലയിലെ ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ പണവും ഉൾപ്പെടും. ക്ലബിന്റെ ഉടമയും മുഖ്യപ്രതിയുമായ മാലം സുരേഷുമായി നേതാവിന് വർഷങ്ങളായി അടുത്ത ബന്ധമുണ്ട്. ക്ലബിന്റെ സാമ്പത്തിക, രാഷ്‌ട്രീയ ബന്ധങ്ങളുടെ സ്രോതസും ഇയാൾ തന്നെ.
വൻ സാമ്പത്തിക ഇടപാട് നടന്നതിനാൽ കേസിന്റെ വിവരങ്ങൾ എൻഫോഴ്‌സമെന്റിന് കൈമാറും. കേസിൽ ക്ലബ് പ്രസിഡന്റ് കുറുമുള്ളൂർ വടക്കുംകര വി എം സന്തോഷ് അടക്കം 45 പ്രതികളുണ്ട്. ചീട്ടുകളി കേന്ദ്രത്തിൽ ഇറക്കിയത് അധികവും കള്ളപ്പണമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവരങ്ങൾക്ക് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മണർകാട് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാർക്ക് പ്രതിയുമായുള്ള ബന്ധം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
ആദ്യം കേസന്വേഷിച്ച എസ്‌എച്ചഒ രതീഷ്‌കുമാറിന് ചീട്ടുകളി കേന്ദ്രവുമായി ബന്ധമുള്ളതായി തെളിവുകൾ പുറത്തുവന്നതിനെ തുടർന്ന് ഇയാൾ നിർബന്ധിത അവധിയിലാണ്. എസ്‌എച്ച്‌ഒക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ജില്ലാ പൊലീസ് ചീഫ് ജി ജയ്‌ദേവിന് കൈമാറി.
ഷാപ്പ് ജീവനക്കാരനായിരുന്ന മാലം സുരേഷ് ആദ്യം ചെറിയ തോതിലാണ് ചീട്ടുകളി ആരംഭിച്ചത്. ബ്ലേഡ് മാഫിയ കൂടെ ചേർന്നതോടെ വമ്പൻ ഇടപാടായി വളർന്നു. അതീവ സുരക്ഷയിൽ, ഗുണ്ടകളുടെ കാവലിൽ നടത്തിയ ചീട്ടുകളി സഭകളിൽ പല പ്രമുഖരും വന്നുപോയിട്ടുണ്ട്. വന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ക്ലബിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കേസിന്റെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റിന് കൈമാറുമെങ്കിലും ഇവർ അന്വേഷണം ഏറ്റെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നിലവിൽ അന്വേഷണ ചുമതല കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി ജെ സന്തോഷ്‌കുമാറിനാണ്.