വാളാട് 26 പേർക്ക് കൂടി കൊറോണ ; തവിഞ്ഞാൽ പഞ്ചായത്തിൽ 76 രോഗബാധിതർ; ആശങ്കയേറുന്നു

കൽപ്പറ്റ: വാളാട് 26 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ ആശങ്കയേറുന്നു. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ 50 പേർക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ തവിഞ്ഞാലിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 76 ആയി.

വാളാട് മരണാന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവർക്കും ബന്ധുക്കൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളും നിയന്ത്രിത മേഖലയാണ്. പ്രദേശത്ത് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് ആരോ​ഗ്യവകുപ്പിന്റെ തീരുമാനം.

വയനാട് ജില്ലയില്‍ ഇന്നലെ 53 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. ജില്ലയിലെ വലിയ കൊറോണ ക്ലസ്റ്റർ ആയ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടാണ് സമ്പർക്ക രോഗികൾ കൂടുതൽ. ബത്തേരിയിലെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് 7 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.