മഴ ശക്തമായി; അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

തിരുവനന്തപുരം : ജില്ലയിൽ മഴ ശക്തമായതോടെ, അരുവിക്കര ഡാമിന്റെ ഷട്ടര്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി. ഡാമിന്റെ രണ്ടാം ഷട്ടര്‍ 20 സെന്റിമീറ്ററും മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെന്റിമീറ്ററും ഉയര്‍ത്തി. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും അതിശക്തമായ മഴയാണ്. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു. പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴയെത്തുടര്‍ന്ന് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. പള്ളുരുത്തി, തോപ്പുംപടി, പനമ്പിള്ളി നഗര്‍, സൗത്ത് കടവന്ത്ര, എംജി റോഡ്, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി.