കണ്ടെയിന്മെൻ്റ് സോണിൽ നിന്ന് കടക്കാൻ റെയിൽവേ പാളത്തിൽ ബൈക്ക് യാത്ര; യുവാക്കൾക്കെതിരെ കേസ്

കൊല്ലം: കണ്ടെയിന്മെൻ്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ റെയിൽവേ പാളത്തിലൂടെ ബൈക്ക് യാത്ര നടത്തി യുവാക്കൾ. യുവാക്കളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസിനെ വെട്ടിച്ച് കണ്ടെയിന്മെൻ്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ സാഹസികയാത്ര നടത്തിയ ഈ യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചവറ സ്വദേശിയുടേതാണ് ഈ ബൈക്കെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ബൈക്ക് ഓടിച്ചത് ഇയാളല്ല എന്നാണ് സൂചന. റോഡുകൾ അടക്കുകയും പൊലീസ് ചെക്കിങ് വർധിപ്പിക്കുകയും ചെയ്തതോടെയാണ് യുവാക്കൾ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തത്.

കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയിലുള്ള റെയില്‍പാളത്തിലൂടെയായിരുന്നു യുവാക്കളുടെ യാത്ര. ഈ സാഹസിക യാത്ര നാട്ടുകാരിൽ ചിലർ ശ്രദ്ധിച്ചു. വിവരം അവർ കായംകുളം ആർപിഎഫിനെ അറിയിച്ചു. തുടർന്ന് ആർപിഎഫിൻ്റെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ റെയില്‍വേ റെഡ് സിഗ്നല്‍ നല്‍കി. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ യുവാക്കൾ ബൈക്ക് പാളത്തിൽ തന്നെ ഉപേക്ഷിച്ച് തിരിച്ചോടി. ബൈക്ക് ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം കൊല്ലം ജില്ലയിൽ ഇന്ന് 84 പേർക്കാണ് കൊറോണ ബാധയുണ്ടായത്. ഇതിൽ 77 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.