വിശ്വാസവഞ്ചന, ചതി, സാമ്പത്തിക ക്രമക്കേട്; വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കണം: വിഎം സുധീരൻ

തിരുവനന്തപുരം: എസ്എന്‍കോളേജ് സുവര്‍ണ്ണജൂബിലി ഫണ്ട് തിരിമറി കേസില്‍ വിശ്വാസവഞ്ചന, ചതി, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കംചെയ്യണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. കൊല്ലം എസ്എന്‍കോളേജ് സുവര്‍ണ്ണജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെതിരെ ക്രൈംബ്രാഞ്ച് കൊല്ലം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിൽ ഇക്കാര്യത്തില്‍ യാതൊരു ഉപേക്ഷയും ഉണ്ടാകരുതെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ സുധീരൻ ആവശ്യപ്പെട്ടു.

ശ്രീനാരായണ ധര്‍മ്മപരിപാലനമെന്ന മഹത്തായ ദൗത്യനിര്‍വ്വഹണത്തിനായി വിശ്വഗുരുവായ ശ്രീനാരായണ ഗുരുസ്വാമികള്‍ അനുഗ്രഹിച്ച്‌ രൂപീകൃതമായ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തിരുന്നു ഗുരുവചനങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വെള്ളാപ്പള്ളിയെ സംസ്ഥാന നവോത്ഥാനസമിതിയുടെ അദ്ധ്യക്ഷനായി നിയോഗിച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ശക്തമായ ജനവികാരം അന്നേ ഉയര്‍ന്നിരുന്നു.

തെറ്റായ നടപടികളാണ് വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെപേരില്‍ ഇപ്പോഴും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും. അതെല്ലാം കൊണ്ടുതന്നെ ശ്രീനാരായണഗുരുസ്വാമികള്‍ മാനവസമൂഹത്തിനു നല്‍കിയ സദ്‌സന്ദേശങ്ങള്‍ക്കെല്ലാം വിരുദ്ധമായിമാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നവോത്ഥാനസമിതിയുടെ അദ്ധ്യക്ഷസ്ഥാനത്തുവന്നതും ഇപ്പോഴും തുടരുന്നതും ശ്രീനാരായണ ധര്‍മ്മങ്ങള്‍ക്കും കേരളത്തിനുതന്നെയും അപമാനകരമാണ്. അതീവഗുരുനിന്ദയുമാണത്.
അതുകൊണ്ട് ഇക്കാര്യത്തിൽ മുഖ്യമന്ത്രി തെറ്റുതിരുത്തണമെന്നും ഇനിയെങ്കിലും വെള്ളാപ്പള്ളിയെ നവോത്ഥാനസമിതിയുടെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

സമ്മര്‍ദ്ദങ്ങളുടെ ഫലമായി നേരത്തെ ഈ കേസ്സന്വേഷണം അവസാനിപ്പിക്കപ്പെട്ടെങ്കിലും ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ ക്രൈബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയതും ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചതും.
വെള്ളാപ്പള്ളിയ്‌ക്കെതിരെ കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നും നേരത്തേവന്ന കേസ്സുകളൊക്കെ ജലരേഖകളായിമാറിയ വിസ്മയം കേരളം കണ്ടതാണ്. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ ഈ കേസ്സ് വന്നതുതന്നെ.

മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിനുമുമ്പ് താങ്കളും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വെള്ളാപ്പള്ളിയെ അതിനിശിതമായി വിമര്‍ശിച്ചതും ഓര്‍ക്കുന്നുണ്ടാകുമല്ലോ.
അതെല്ലാം പൂര്‍വ്വാധികം ശരിവയ്ക്കുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും സുധീരൻ കത്തിൽ ഓർമ്മിപ്പിക്കുന്നു.