കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമ മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്ന അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് രഹ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിഷേധിച്ചത്. രഹ്നയെ ഇത് വരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല.
പോക്സോ നിയമം, ഐ ടി നിയമം, ബാലനീതി വകുപ്പ് എന്നിവയാണ് രഹ്‌നക്കെതിരെ ചുമത്തിട്ടുള്ളത്. എന്നാൽ ഈ വകുപ്പുകൾ നിലനിൽക്കുന്നില്ല എന്നാണ് രഹ്നയുടെ വാദം.
അതേസമയം ഹർജിയിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പരാതിക്കാരനും തിരുവല്ല ബാറിലെ അഭിഭാഷകനുമായ എ വി അരുൺ പ്രകാശ് സുപ്രീം കോടതിയിൽ കവിയറ്റ് ഫയൽ ചെയ്തിട്ടുണ്ട്. രഹ്നയെ അറസ്റ്റു ചെയ്യാത്ത പോലീസ് നടപടിയിലും അരുണ്‍ പ്രകാശ് ഡി.ജി.പിക്കു പരാതി നല്‍കിയിട്ടുണ്ട്.
രഹനക്കു മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരും മുന്നോട്ട് വന്നിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളെ ഉൾപെടുത്തുന്നത് ഭാവിയിൽ ദോഷം ചെയ്യും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സ്വന്തം കുട്ടികളെ ഉപയോഗിച്ച് എന്തും ചെയ്യാമെന്ന നില വരരുതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.