മേനംകുളം കിൻഫ്രയിൽ 88 പേർക്ക് കൊറോണ ; സെക്രട്ടേറിയറ്റിൽ പൊലീസുകാരനും രോ​ഗബാധ

തിരുവനന്തപുരം: ജില്ലയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും വിവിധ മേഖലകളിലും പ്രവർത്തിക്കുന്ന നിരവധി പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രാ പാർക്കിൽ ഇന്ന് 88 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കിൻഫ്രാ യൂണിറ്റിലെ 300 പേരിൽ കൊറോണ പരിശോധന നടത്തിയപ്പോൾ ആണ് 88 പേർക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

സെക്രട്ടേറിയറ്റിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

പൂവാർ ഫയർ സ്റ്റേഷനിൽ കൊറോണ പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒൻപത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇവിടെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൂവാർ ഫയർ സ്റ്റേഷനിൽ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാർ നിലവിൽ നിരീക്ഷണത്തിലാണ്.

പാറശ്ശാല താലൂക്കാശുപത്രിയിലെ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ കൂട്ടിരിപ്പുകാരയിരുന്ന നാല് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.