കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാർക്കും ഒരു നേഴ്സിനുമാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 45 പേര് ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരാണ്. ഇതില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നാല്, 27 വാര്‍ഡുകളില്‍ താമസിക്കുന്ന 32 അതിഥി തൊഴിലാളികളും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡ്, കാണക്കാരി, മാഞ്ഞൂര്‍, അതിരമ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള 13 പേരും ഉള്‍പ്പെടുന്നു. പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ 18 പേര് രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കൊറോണ മുക്തരായി ആശുപത്രി വിട്ടു. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര് രോഗമുക്തരായി.