കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യാൻ ആരംഭിച്ചു. എൻഐഎ പ്രോസിക്യൂട്ടറും ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നുണ്ട്. നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് എൻഐഎയുടെ കണക്കുകൂട്ടൽ. അതു കൊണ്ട് തന്നെ ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളാനാണ് സാധ്യത. ഇതിനെ അടിസ്ഥാനമാക്കിയാവും ശിവശങ്കറിൻ്റെ അറസ്റ്റ് അടക്കം ഉണ്ടാകുമോ എന്നറിയാൻ കഴിയുക.
പുലർച്ചെ നാലരയോടെ പൂജപ്പുരയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ശിവശങ്കർ രാവിലെ 9:15 ഓടെയാണ് കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിയത്.
കേസിൽ സംസ്ഥാന സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാമതും എൻഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കഴിഞ്ഞ തവണത്തെ പോലെ ചോദ്യം ചെയ്ത് വിട്ടയക്കുമോ അതോ അറസ്റ്റുണ്ടാകുമോ തുടങ്ങിയ അഭ്യൂഹങ്ങൾ അനവധിയാണ്. ഇതാദ്യമായാണ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ നിരന്തരം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുന്നത്. അന്വേഷണത്തിൽ വേവലാതിയില്ലെന്ന് മുഖ്യമന്ത്രിയും ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ സർക്കാരിനെയും പാർട്ടിയെയും ബാധിക്കില്ലെന്ന് കോടിയേരിയും പറയുമ്പോഴും കാര്യങ്ങൾ അത്ര ലളിതമല്ല.
ശിവശങ്കറിന്റെ അറസ്റ്റുണ്ടായാൽ മുഖ്യമന്ത്രിയും സർക്കാരും വൻ കുരുക്കിലാകും. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷ സമ്മർദ്ദം അതിശക്തമാകും. സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ സർക്കാരിനെ പിന്തുണക്കുമ്പോഴും അന്വേഷണ ഗതിയിൽ പാർട്ടിക്കും വലിയ ആശങ്കയുണ്ട്. വിവാദത്തിൽ ഭിന്ന നിലപാടുള്ള സിപിഐ കൂടുതൽ കടുപ്പിക്കും. ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചാൽ സർക്കാരിന് താൽക്കാലികമായി ആശ്വസിക്കാം. അപ്പോഴും സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ചോദിച്ചുള്ള എൻഐഎയുടെ അടുത്ത നടപടികളും സർക്കാരിന് പ്രധാനമാണ്.