സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

കൊച്ചി: സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ്‌ നിർത്താനാണ് തീരുമാനം.സംയുക്ത സമരസമിതിയുടെതാണ് തീരുമാനം. ലോക്‌ഡൗണിനെത്തുടർന്ന്‌ ഷെഡ്ഡിലായ സ്വകാര്യ ബസ്സുകൾ ഇനിയും നിരത്തിലിറക്കാനാവാത്ത സ്ഥിതിയാണെന്ന്‌ ബസ്സുടമാ ഭാരവാഹികൾ പറഞ്ഞു.

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭൂരിഭാഗം പേരും സ്വന്തം വാഹനങ്ങളിൽ ജോലിക്കെത്തുന്നതും ഒപ്പം ഡീസൽ വിലക്കയറ്റവും ‌ സ്വകാര്യ ബസ്സുകൾക്ക്‌ തിരിച്ചടിയായി‌. ലോക്‌ഡൗണിന്‌ അയവ്‌ വരുത്തിയശേഷം എട്ട്‌ ശതമാനം ബസ്‌ മാത്രമേ ഓടുന്നുള്ളു. ഇതിൽ ഭൂരിഭാഗവും വൻനഷ്ടം സഹിച്ചാണ്‌ ഓടുന്നത്‌. ഡീസലിന്‌ ലിറ്ററിന്‌ 12 രൂപയാണ്‌ കൂടിയത്‌.

ഇപ്പോൾ ഓടുന്ന ബസ്സുകൾക്ക്‌ ഡീസൽ ചെലവുപോലും ലഭിക്കുന്നില്ല. സിറ്റി ബസ്സുകളിലും സ്ഥിതി വ്യത്യസ്‌തമല്ല. മിക്ക ബസ്സുകളും ഷെഡ്ഡിലാണ്‌. നേരത്തെ ഓരോ ബസ്സിലും ആറും എട്ടും തൊഴിലാളികൾ ഷിഫ്‌റ്റായി ജോലി ചെയ്‌തിരുന്നു. ലക്ഷത്തിലധികം പേർക്ക്‌ ഇതുവഴി തൊഴിൽ ലഭിച്ചു. ഇവരുടെ വരുമാനമാണ്‌ ബസ്സുകൾ ഓടാതായതോടെ നിലച്ചത്‌. പലരും മറ്റ്‌ ജോലികളിലേക്ക്‌ തിരിഞ്ഞു. അവശേഷിക്കുന്നവർ തൊഴിൽ അന്വേഷിച്ച്‌ അലയുകയാണ്‌. ഇപ്പോൾ ഒരു ബസ്സിൽ രണ്ടുതൊഴിലാളികൾക്കുമാത്രമേ പണിയുള്ളൂ. അവർക്കുതന്നെ പകുതി ബത്തയേ നൽകാനാകുന്നുള്ളൂ.

ഡീസൽ വിൽപ്പന നികുതി ഒഴിവാക്കണം ഡീസലിന്റെ വിൽപ്പന നികുതി ഒഴിവാക്കി സ്വകാര്യ ബസ്‌ വ്യവസായത്തെ രക്ഷിക്കണമെന്ന്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. നാമമാത്ര നിരക്ക്‌ വർധനകൊണ്ട്‌ സ്വകാര്യ ബസ്സുകൾക്ക്‌ സർവീസ്‌ നടത്താനാവില്ല. ക്ഷേമനിധി ബോർഡ്‌ വഴിയുള്ള ധനസഹായം അംഗമല്ലാത്തവർക്കും ലഭ്യമാക്കണം ഇതൊക്കെയാണ് ആവശ്യം.