അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു; വൈറസ്ബാധ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന്

കണ്ണൂര്‍: അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തില്‍ പെട്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച അമല്‍ ജോ അജി (19) ക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് അമലിന് കൊറോണ ബാധയേറ്റത് എന്നാണ് സൂചന.

പരിയാരം വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ആണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് വാഹനാപകടതിൽ പരിക്കേറ്റ അമലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം ആണ് അമൽ മരിച്ചത്. ഇതോടെ വിദ്യാർത്ഥിയുടെ സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. ഫലം കൂടുതൽ സ്ഥിരീകരണത്തിനായി രണ്ടാം ഘട്ട പരിശോധനക്ക് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക് അയച്ചിരിക്കുകയാണ്. പരിയാരം മെഡിക്കൽ കോളേജിൽ 14 ആരോഗ്യ പ്രവർത്തകർക്ക് അടക്കം നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ ചികിത്സക്കെത്തിയ നിരവധി രോഗികൾക്കും രോഗം ബാധിച്ചിരുന്നു.

ഇതോടെ സംസ്ഥാനത്ത് ഇന്ന് രണ്ട് കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചു. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ(75) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസയും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കൊറോണ സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട ജില്ലാ ആശുപത്രിയിലാണ് നബീസയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല.