തൃശൂർ; കെഎസ്ആർടിസിയുടെ ഔദ്യോഗിക ജീപ്പ് സ്റ്റാൻഡിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയി. മോഷണം വിവരം നാട്ടുകാരും പൊലീസും അറിഞ്ഞിട്ടും കെഎസ്ആർടിസി അധികൃതർ മാത്രം അറിഞ്ഞില്ല. തൃശൂരിലാണ് സംഭവമുണ്ടായത്. സ്റ്റാൻഡിൽ നിന്നാണ് ജീപ്പ് മോഷണം പോയത്. സംഭവത്തിൽ സ്റ്റാൻഡിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗാർഡിനെ സസ്പെൻഡ് ചെയ്തു.
പുലർച്ചേ ഒന്നിന് മോഷ്ടിച്ച ജീപ്പ് നാലു മണിക്കൂറിന് ശേഷം മലപ്പുറം കാളികാവിൽനിന്നാണ് പൊലീസ് കണ്ടെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ അരമണിക്കൂർ തിരഞ്ഞ് പിടികൂടി. തുടർന്ന് പൊലീസുകാർ വിളിച്ചു പറഞ്ഞപ്പോൾ മാത്രമാണ് കെഎസ്ആർടിസി അധികൃതർ മോഷണവിവരം അറിഞ്ഞത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ചുള്ളിയിൽ വീട്ടിൽ മുനീബ് (32) ആണ് അറസ്റ്റിലായത്. തൃശ്ശൂർ ഡിപ്പോയിലെ ഗാർഡ് ജോസ് പാപ്പച്ചനെയാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ സസ്പെൻഡ് ചെയ്തത്.
വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് മുനീബ് സ്റ്റാൻഡിലെത്തിയത്. സ്റ്റാൻഡിൽ ഒതുക്കിയിട്ടിരിക്കുകയായിരുന്നു ഔദ്യോഗിക ജീപ്പ്. ഒരുമണിക്കൂറോളം മുനീബ് ജീപ്പിനടുത്ത് ചെലവഴിച്ചശേഷം രണ്ടുമണിയോടെ സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് പോയി. ഇതൊന്നും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ അറിഞ്ഞില്ല. ആറുമണിയോടെ കാളികാവിൽ എത്തിയപ്പോൾ റോഡരികിൽ ജീപ്പ് ഒതുക്കി മുനീബ് വിശ്രമിച്ചു.
അതുവഴി വന്ന ഒരാൾ, ജീപ്പിൽ കെഎസ്ആർടിസി എന്ന് എഴുതിയിരിക്കുന്നത് കണ്ട് കാളികാവ് സ്റ്റേഷനിലും തൃശ്ശൂർ പോലീസിലും അറിയിച്ചു. കാളികാവ് പോലീസ് എത്തിയപ്പോൾ മുനീബ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. അരമണിക്കൂർ തിരഞ്ഞശേഷമാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. തൃശ്ശൂർ ഈസ്റ്റ് പോലീസ് കാളികാവിലെത്തി പ്രതിയെ അറസ്റ്റുചെയ്തു. ജീപ്പും കൊണ്ടുവന്നു. മോഷണക്കേസുകളിൽ മുനീബ് നേരത്തേ പ്രതിയായിട്ടുണ്ടെങ്കിലും വാഹനമോഷണം ആദ്യമായാണെന്ന് പോലീസ് പറഞ്ഞു.