തട്ടിപ്പിന് “അന്താരാഷ്ട്ര നിലവാരം”; മലയാളികളെ പറ്റിച്ച് ഈസ്റ്റേണിൻ്റെ മുളകുപൊടി കച്ചവടം; വീണ്ടും നിരോധനം

കണ്ണൂര്‍: മലയാളികളെ പറ്റിച്ച് ഈസ്റ്റേണിൻ്റെ മുളകുപൊടി കച്ചവടം. അന്താരാഷ്ട്ര ഗുണനിലവാര പരിശോധന നടത്തുന്നുവെന്ന വ്യാജ പരസ്യം നൽകിയാണ് ഉപഭോക്താക്കളെ ഈസ്റ്റേൺ കമ്പനി പതിവായി കമ്പളിപ്പിക്കുന്നത്. ചേർക്കുന്നതോ മുളക് പൊടിക്ക് വീര്യം കൂട്ടാൻ കീടനാശിനിയും. അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്റ്റേണ്‍ മുളക് പൊടി വീണ്ടും നിരോധിച്ചു.
ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്‌നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പന നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

നേരത്തെ കീടനാശിനിയുടെ സാന്നിധ്യം തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ ഈസ്റ്റേണിന്റെ മുളക്‌പൊടി പാക്കറ്റുകള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ക്യാന്‍സറുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കിടയാക്കുന്ന സുഡാന്‍ ഡൈ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഈസ്റ്റേണ്‍ കറിപൗഡറിന് വിദേശ രാജ്യങ്ങളിലും നിരോധനം ഉണ്ടായിരുന്നു . 2011 ല്‍ വിദേശത്തേക്ക് കയറ്റുമതിക്കായി തയ്യാറാക്കിയ മുളക് പൊടിയിലായിരുന്നു സുഡാന്‍ ഡൈ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരക വിഷമാണ് മുളക് പൊടിയിലെന്ന് തെളിഞ്ഞു. ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്.

പല വിദേശ രാജ്യങ്ങളും ഈസ്റ്റേണിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈസ്റ്റേണിലെ മുളകുപൊടിയിൽ സുഡാന്‍ ഡൈയുടെ അളവ് കണ്ടെത്തിയ സാഹചര്യത്തില്‍ ഈ ഉല്‍പ്പന്നം വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി അധികൃതര്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു. 2015 ജനുവരി 20ാം തീയ്യതിയോടെയാണ് ഈസ്റ്റേണ്‍ കറിപൗഡര്‍ അമേരിക്കയിലെ ഗുണനിലവാര പരിശോധനയില്‍ പിടിക്കപ്പെടുന്നത്. ഇത് മറികടക്കാന്‍ മാധ്യമങ്ങള്‍ വഴി കോടികളുടെ പരസ്യം നല്‍കി ഈസ്റ്റേണ്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുകയായിരുന്നു .