രാജസ്ഥാനിൽ നിയമസഭാ സമ്മേളനം വിളിക്കും; എം എൽഎമാരിൽ ഭൂരിപക്ഷവും ഒപ്പമെന്ന് ഗെലോട്ട്

ജയ്പൂർ: രാജസ്ഥാനിൽ അടുത്തയാഴ്ച നിയമസഭാ സമ്മേളനം വിളിക്കുമെന്നും ഭൂരിപക്ഷം എം‌എൽ‌എമാരും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടക്കുന്നതിനിടെയാണ് ഗെലോട്ടിൻ്റെ പ്രഖ്യാപനം. കോൺഗ്രസ് എം‌എൽ‌എമാരെല്ലാം ഒറ്റക്കെട്ടാണ്. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടാൻ നിയമസഭാ സമ്മേളനമാണ് പരിഹാരമെന്ന് അശോക് ഗെലോട്ട് വിലയിരുത്തുന്നു.

അടുത്തയാഴ്ച തന്നെ നിയമസഭാ സമ്മേളനം വിളിക്കാനാണ് ഗെലോട്ട് ആലോചിക്കുന്നത്. ഇതിലൂടെ നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവുമെന്നും വിപ്പ് നൽകിയാൽ സച്ചിൻ പൈലറ്റിനൊപ്പം നിൽക്കുന്നവരെ അയോഗ്യരാക്കാൻ കഴിയുമെന്നും അശോക് ഗെലോട്ട് വിലയിരുത്തുന്നു. സച്ചിൻ പൈലറ്റ് ക്യാമ്പിലെ വിമത എം‌എൽ‌എമാർക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വരുമ്പോൾ ചിലരെ സമ്മർദ്ദത്തിലൂടെ തിരികെ ചെലുത്താൻ കഴിയുമെന്ന് ഗെലോട്ട് വിഭാഗം കണക്കുകൂട്ടുന്നു.