ചങ്ങനാശ്ശേരിയിൽ പായിപ്പാട് പുതിയ കൊറോണ ക്ലസ്റ്റര്‍

കോട്ടയം: സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ ചങ്ങനാശ്ശേരിയിലെ പായിപ്പാട് പുതിയ കൊറോണ ക്ലസ്റ്ററാക്കി. ജില്ലയില്‍ ഇതുവരെ ഏറ്റവുമധികം സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി ക്ലസ്റ്ററിന്‍റെ ഭാഗമായാണ് പായിപ്പാട് ഗ്രാമപഞ്ചായത്ത് മേഖല ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ജൂലൈ 23ന് വരെ പായിപ്പാട്ട് ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരായ 44 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുതിയ ക്ലസ്റ്ററായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

അതേസമയം കോട്ടയത്ത് കെഎസ്ആർടിസി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കോട്ടയം എറണാകുളം റൂട്ടിലെ ഡ്രൈവർ ആയിരുന്നു ഇദ്ദേഹം. ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ കണ്ടക്ടറെയും വെഹിക്കിൾ സൂപ്പർവൈസറെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ജൂലൈ 20 നാണു ഇദ്ദേഹം അവസാനമായി ജോലിക്ക് എത്തിയത്. കോട്ടയം കെഎസ്ആർടിസി ഡിപ്പോ അണുവിമുക്തമാക്കി.