വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊച്ചി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെയും കൃഷിയിടങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കുവാനുള്ള സത്വരനടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സീറോമലബാര്‍സഭ പൊതുകാര്യകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവന്‍ നഷ്ടപ്പെടുന്ന കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും രോദനത്തിനുനേരെ ചെവിയടയ്ക്കുന്നത് ഒരു പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സാധാരണ കര്‍ഷകരുടെ ദയനീയമായ ജീവിതസാഹചര്യങ്ങളും കാര്‍ഷികമേഖലയിലെ പ്രതിസന്ധികളും പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യവും ആക്രമണങ്ങളും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മലയോരമേഖലകളില്‍ കാർഷിക വിളകൾ ഏതാണ്ടു മുഴുവനായും കാട്ടുപന്നി, ആന, കുരങ്ങ് എന്നിവ നശിപ്പിക്കുകയാണ്. വിളവെടുപ്പിന് തയ്യാറായ ഉല്‍പ്പന്നങ്ങള്‍പോലും ഒരു രാത്രികൊണ്ട് നശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും നിസംഗതയും നിശബ്ദതയും പാലിക്കുകയാണ്. കൃഷിയില്‍നിന്നു കിട്ടുന്ന വരുമാനത്തില്‍ മാത്രം ആശ്രയിച്ച് വയറുനിറയ്ക്കുന്ന കര്‍ഷകകുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുമ്പോഴും ഇവരുടെ വേദന കാണാന്‍ ഇവിടെ ആരുമില്ലാത്ത അവസ്ഥയായിരിക്കുന്നു. വിളകള്‍ നശിപ്പിക്കപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന കേവലം തുച്ഛമായ നഷ്ടപരിഹാരം നേടിയെടുക്കണമെങ്കില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തെക്കാള്‍ കാശുചെലവും മനംമടുപ്പിക്കുന്ന നടപടികളുമാണ് കര്‍ഷകനെ കാത്തിരിക്കുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് ആയിരത്തിനടുത്ത് മനുഷ്യര്‍ക്കാണ്. ഇത്രയും കുടുംബങ്ങള്‍തന്നെ വഴിയാധാരമാകുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. അപകടത്തില്‍പെടുന്ന വന്യമൃഗങ്ങളുടെ ചുറ്റുംകൂടുന്നതിന്‍റെ പത്തിലൊന്നു മനുഷ്യരും മാധ്യമങ്ങളും, ഉപജീവനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ ജീവനും ശരീരവും നഷ്ടപ്പെട്ട മനുഷ്യാവശിഷ്ടങ്ങള്‍ക്കരുകില്‍ കാണപ്പെടുന്നില്ലായെന്നത്, നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമാകാനുള്ള വിധിയിലേയ്ക്ക് മലയോരകര്‍ഷകരെ എത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.

വളര്‍ത്തുമൃഗങ്ങളും വന്യമൃഗാക്രമണങ്ങള്‍ നേരിടുന്നവയാണ് . കര്‍ഷകര്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാണ്. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്ന കര്‍ഷകരും ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ നട്ടം തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യം ശാസ്ത്രീയമായി നിയന്ത്രിക്കേണ്ടതുണ്ട്. നിയന്ത്രണമില്ലാതെ പെറ്റുപെരുകുന്ന കാട്ടുപന്നിയും, സര്‍വവും നശിപ്പിക്കുന്ന കുരങ്ങുകളും കൃഷിയെ ഇല്ലായ്മ ചെയ്യുമെന്നുറപ്പാണ്. ജൈവവൈവിധ്യങ്ങളില്‍ മനുഷ്യനുള്ള അതുല്യമായ സ്ഥാനം കണക്കിലെടുത്ത് കര്‍ഷകന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മാർ താഴത്ത് ആവശ്യപ്പെട്ടു.

ഫാ. അലക്സ് ഓണംപള്ളി