പ്രായമായ സാമാജികർ; മഹാമാരിയുടെ കാലത്തു നിയമസഭാസമ്മേളനം സുരക്ഷിതമല്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം : മഹാമാരിയുടെ കാലത്തു നിയമസഭാസമ്മേളനം ചേരാനുള്ള നീക്കം സുരക്ഷിതമല്ലെന്ന് വിലയിരുത്തൽ. നിയമസഭ ചേരൽ സര്‍ക്കാര്‍ തന്നെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനു തുല്യമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി 65-നുമേല്‍ പ്രായമുള്ളവര്‍ക്ക്‌, ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ, പുറത്തിറങ്ങാന്‍ വിലക്കുണ്ട്.

ഈ സാചര്യത്തിൽ നിയയമസഭയിൽ പല പ്രമുഖ എംഎൽഎമാർക്കും പങ്കെടുക്കാൻ കഴിയില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയന്ത്രണങ്ങളുടെ ഭാഗമാകേണ്ടതാണ്.പിണറായിക്ക് പ്രായം 74 കഴിഞ്ഞു. മുന്‍മുഖ്യമന്ത്രിമാരായ വി.എസ്‌. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുള്‍പ്പെടെ നിയമസഭയിലെ 47 അംഗങ്ങള്‍ 65-നുമേല്‍ പ്രായമുള്ള അംഗങ്ങൾക്കും ഇത് ബാധകമാണ്. ബാക്കിയുള്ളവരില്‍ ഏറെയും 65-ന്‌ അടുത്ത്‌ പ്രായമുള്ളവരുമാണ്.

സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ വിഎസിനു 92 വയസു കഴിഞ്ഞു. മന്ത്രിമാരില്‍ ഭൂരിപക്ഷവും 65 പിന്നിട്ടവരാണെന്നുള്ളതും ഈ സാഹചര്യത്തിൽ ഗൗരവമായി എടുക്കേണ്ട വസ്തുതയാണ്. ഇത്രയും വയോധികരെ പങ്കെടുപ്പിച്ച്‌ നിയമസഭ ചേരുന്നതു സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന “റിവേഴ്‌സ്‌ ക്വാറന്റൈന്‍” മാനദണ്ഡത്തിനു വിരുദ്ധമാകുമെന്നാണ് ആരോഗ്യ വദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

ഇവരെല്ലാം പല സ്ഥലങ്ങളിൽ നിന്നും എത്തേണ്ടവരാണ്. കൊറോണ രൂക്ഷമായതും അല്ലാത്തതുമായ പ്രദേശങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിലുണ്ടാകും. എന്നാൽ ഇവരെല്ലാം എത്തേണ്ടത് സ്‌ഥിതി കൂടുതല്‍ വഷളായ തിരുവനന്തപുരത്താണ് എന്നുള്ളതാണ് ഗുരുതരമായ വസ്തുത. ജൂലെെ 27-നു നിയമസഭാ സമ്മേളനം നിശ്‌ചയിച്ചത്‌ ധനകാര്യ ബില്‍ പാസാക്കാനാണ്‌. എന്നാല്‍, പ്രതിപക്ഷം അവിശ്വാസപ്രമേയത്തിനും സ്‌പീക്കര്‍ക്കെതിരായ പ്രമേയത്തിനും നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി അംഗങ്ങള്‍ സഭയില്‍ ഹാജരാകേണ്ടിവരുമെന്നുള്ളതാണ് പ്രധാന പ്രശ്നം.

സഭ ചേര്‍ന്നാല്‍, അവിശ്വാസപ്രമേയം 27-നു തന്നെ പരിഗണിച്ച്‌, മറ്റൊരു തീയതി നിശ്‌ചയിക്കേണ്ടിവരും. പരിഗണനയ്‌ക്കെടുത്താല്‍ പരമാവധി 10 ദിവസമേ പ്രമേയം നീട്ടിവയ്‌ക്കാനാകു എന്നാണ് നിയമം. അതിനായി രണ്ടുദിവസമെങ്കിലും മാറ്റിവയ്‌ക്കേണ്ടിവരുമെന്നുള്ളതും ഉറപ്പാണ്. സംസ്ഥാനം ഗുരുതരമായപ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കോണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു സാഹസമാണെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. സഭ ചേര്‍ന്നാല്‍, ശാരീരിക അകലം ഉറപ്പാക്കാന്‍ 35 കസേരകള്‍ അധികം സജ്‌ജീകരിക്കുമെന്നാണു റിപ്പോർട്ടുകൾ. എന്നാൽകൂടി ശീതീകരിച്ച നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം ചേരുന്നത്. ഇത് കൂടുതൽ ആശങ്കാജനകമാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
വായുസഞ്ചാരത്തിനു മാര്‍ഗമില്ലാത്ത മന്ദിരത്തില്‍ എസി പ്രവര്‍ത്തിപ്പിക്കാതെ സഭ ചേരാനുമാകില്ല എന്നുള്ളതു കൂടി കണക്കിലെടുക്കണം. 2001-2004ല്‍ സഭയിലെ ജനറേറ്റര്‍ തകരാറിലായപ്പോള്‍ കാറ്റിനായി ഫാൻ ഉപയോഗിച്ചിരുന്നു. എന്നാല്‍, വേണ്ടത്ര വായുസഞ്ചാരമില്ലാത്തതിനാല്‍ ഈ നീക്കം അന്നു ഫലപ്രദമായില്ല. ഇക്കാരണങ്ങൾ കൊണ്ടുതന്നെ നിയമസഭ കൂടിയാൽ, ആ കൂടലിൽ എന്തെങ്കിലും പിഴവ് പറ്റിയാൽ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം കൊണ്ടുവരാതെ തന്നെ കാര്യങ്ങൾ എളുപ്പമാകുമെന്നു സാരം.