കൊച്ചി: കുതിച്ചുയർന്ന് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില പുതിയ ഉയരത്തില്‍. ഒരു പവന് സ്വര്‍ണത്തിന്റെ വില 37000 ന് മുകളില്‍ എത്തി. ഇന്ന് പവന് 520 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 37,280 രൂപ നല്‍കണം.
ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 65 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4660 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 680 രൂപയാണ് ഉയര്‍ന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്.