ചികിത്സയ്ക്കെത്തിയ രോ​ഗിക്ക് വൈറസ് ബാധ; കോട്ടയം മെഡിക്കൽ കോളേജിലെ നേത്ര വിഭാഗം അടച്ചു

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോ​ഗിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഏഴാം വാർഡ് ഉൾപ്പെടുന്ന നേത്ര വിഭാഗം അടച്ചു. ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ദിവസം അസ്ഥിരോഗ വിഭാഗം ഉൾപ്പെടുന്ന 11 ആം വാർഡിലും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാർ ഉൾപ്പടെ 20 പേരാണ് ഈ വിഭാഗത്തിൽ നിന്ന് നിരീക്ഷണത്തിൽ പോയത്.

കോട്ടയത്ത് മൂന്ന് പുതിയ പ്രദേശങ്ങളെ കൂടി കണ്ടെയിൻമെന്‍റ് സോണാക്കി. ചങ്ങനാശേരി മുൻസിപ്പാലിറ്റി 31,33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18 ആം വാർഡ്, കോട്ടയം മുനിസിപ്പാലിറ്റി 46 ആം വാർഡ് എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍. മണർകാട് പഞ്ചായത്തിലെ എട്ടാം വാർഡിനെ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലാകെ നിലവിൽ 19 കണ്ടെയിൻമെന്‍റ് സോണുകളുണ്ട്.

അതേസമയം, കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചു. പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് സ്ഥിരീകരണം. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു ഇയാൾ. 28 പേരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയിരുന്നു.