തൊടുപുഴ: മഞ്ഞക്കരുവും വെള്ളയും വ്യക്തമായി കാണാം.കോഴിയിട്ടത് കൗതുക മുട്ട. ചെറുതോണി വാഴത്തോപ്പിൽ കർഷകനായ കളത്തിങ്കൽ ബാബുവിന്റെ വീട്ടിലെ കോഴി കഴിഞ്ഞ ദിവസം ഇട്ട മുട്ടയാണ് കൗതുകമായി മാറിയത്.
രണ്ട് ടെന്നീസ് ബോളുകളുടെ വലുപ്പമുണ്ട് മുട്ടയ്ക്ക് എന്നത് മുട്ട ഏറെ ശ്രദ്ധേയമാക്കുന്നു. മുട്ടയ്ക്ക് നേർത്ത പാട പോലുള്ള പുറം കവചമാണുള്ളത്. വെള്ളം നിറച്ച ബലൂൺ പോലുള്ള ഇതിനുള്ളിൽ മഞ്ഞക്കരുവും വെള്ളയും വ്യക്തമായി കാണാം.
അതിനൊപ്പം മറ്റൊരു മുട്ടയും കൂടി ഉണ്ട്. കാഴ്ചയിൽ സാധാരണ പോലുള്ള ഈ മുട്ടയുടെ പുറംതോട് ഉറച്ചതാണ്. വാഴത്തോപ്പ് കത്തീഡ്രൽ പള്ളിയിൽ നിന്നു വിതരണം ചെയ്ത നാടൻ ഇനത്തിൽ പെട്ട ഈ മുട്ടക്കോഴിക്ക് മറ്റു പ്രത്യേകതകൾ ഇല്ലെന്നും ബാബു പറയുന്നു.