മുളവുകാട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

കൊച്ചി: മുളവുകാട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. ബന്ധുക്കളായ കലൂര്‍ സ്വദേശി അഡ്വ. ശ്യാം, ആലുവ കണിയാംകുന്ന് സ്വദേശി സച്ചു എന്നിവരെയാണ് കാണാതായത്. മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടം.

മുളവുകാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു മൂവരും. ഇതിനിടെ, തുരുത്തു കാണാനിറങ്ങിയതായിരുന്നു ഇവര്‍. സുഹൃത്തിനെ തുരുത്തില്‍ നിര്‍ത്തി വഞ്ചിയില്‍ മൂവരും സിസിലി ജെട്ടി ഭാഗത്തേക്ക് മടങ്ങിവരുമ്പോഴാണ് വള്ളം മറിഞ്ഞത്‌. വള്ളത്തില്‍ ശ്യാമിനും സച്ചുവിനും ഒപ്പം കുമ്പളം സ്വദേശിയായ സുഹൃത്ത് ലിജോയും ഉണ്ടായിരുന്നു. വള്ളം മറിഞ്ഞതോടെ സച്ചുവും ശ്യാമും വെള്ളത്തില്‍ മുങ്ങി. ഏറെ നേരം ലിജോ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇരുവരും മുങ്ങിപ്പോയതോടെ ലിജോ നീന്തി കരയിലെത്തുകയായിരുന്നു.

മുളവുകാട് പൊലീസിന്റെയും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീമിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തില്‍ രാത്രി പത്തുവരെ തെരച്ചില്‍ നടത്തി.